ഗോവിന്ദ് പൻസാരെ വധം: ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി
text_fieldsബംഗളൂരു: മഹാരാഷ്ട്രയിലെ കോലാപുരിൽ ഇടതു ചിന്തകൻ ഗോവിന്ദ് പൻസാരെ വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ചോദ്യംചെയ്യാൻ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) അനുമതി. സംഘടിത കുറ്റകൃത്യ കേസുകൾക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ അമോൽ കാലെ, വസുദേവ് സൂര്യവംശി എന്നിവരെ ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. ഗൗരി കേസിലെ പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ മഹാരാഷ്ട്ര എ.ടി.എസിന് കൈമാറാനും കോടതി നിർദേശിച്ചു. പൻസാരെ വധക്കേസിലെ മുഖ്യ സൂത്രധാരനാണ് അമോൽ കാലെയെന്നും കൊലപാതകികൾക്ക് സഞ്ചരിക്കാൻ ബൈക്ക് തരപ്പെടുത്തി നൽകിയത് സൂര്യവംശിയാണെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ഗോവിന്ദ് പൻസാരെ വധക്കേസിൽ മഹാരാഷ്ട്ര സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി പൻസാരെയുടെ കുടുംബം നൽകിയ ഹരജിയിൽ കേസന്വേഷണം ഏറ്റെടുക്കാൻ മഹാരാഷ്ട്ര എ.ടി.എസിനോട് ബോംബെ ഹൈകോടതി നിർദേശിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം ഗൗരിയുടെ വീടിനു മുന്നിൽ ഹെൽമറ്റ് ധരിച്ച് നിന്നയാളുടെ സി.സി.ടി.വി ദൃശ്യം 'ഗെയ്റ്റ് അനാലിസിസ്' നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങൾ മഹാരാഷ്ട്ര എ.ടി.എസിന് കൈമാറും.
ശാസ്ത്ര ചിന്തകൻ നരേന്ദ്ര ദാഭോൽകർ (69) 2013 ആഗസ്റ്റ് 20ന് പുണെയിലും അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന ഗോവിന്ദ് പൻസാരെ (81) 2015 ഫെബ്രുവരി 16ന് കോലാപുരിലും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എം.എം. കൽബുർഗി (77) 2015 ആഗസ്റ്റ് 30ന് ധാർവാഡിലും മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് (55) 2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരു ആർ.ആർ നഗറിലുമാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷ് വധക്കേസിൽ അന്വേഷണം ഊർജിതമാക്കിയ കർണാടക എസ്.ഐ.ടി മുഖ്യപ്രതിയടക്കം 17 പേരെ അറസ്റ്റ് ചെയ്തു. ഗോവ ആസ്ഥാനമായുള്ള ഹിന്ദുത്വ തീവ്രവാദ സംഘമായ സനാതൻ സൻസ്തയുമായി പ്രതികൾക്കുള്ള ബന്ധം പുറത്തുകൊണ്ടുവന്ന എസ്.ഐ.ടി, സമാനരീതിയിൽ നടന്ന മറ്റു മൂന്നു കൊലപാതകങ്ങൾക്കു പിന്നിലും പ്രതികളിൽ പലരും പ്രവർത്തിച്ചെന്നും സനാതൻ സൻസ്ത പ്രസിദ്ധീകരിച്ച 'ക്ഷത്ര ധർമ സാധന' എന്ന പുസ്തകത്തിലെ തത്ത്വങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ടാണ് കൊലപാതകങ്ങൾ നിർവഹിച്ചതെന്നും കണ്ടെത്തി. 7.65 എം.എം നാടൻ നിർമിത തോക്കുപയോഗിച്ചാണ് ഗൗരിയെ വെടിവെച്ചത്. ഇതേ തോക്കുതന്നെയാണ് കൽബുർഗിയെയും പൻസാരെയെയും കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നും പൻസാരെ വധത്തിൽ ഉപയോഗിച്ച രണ്ടാമത്തെ തോക്ക് ദാഭോൽകറെ വെടിവെക്കാനുപയോഗിച്ചതാണെന്നും കർണാടക എസ്.ഐ.ടി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.