ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്നു മുതൽ
text_fieldsബംഗളൂരു: വീടുകൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതി ജൂലൈ ഒന്നിന് കലബുറഗിയിൽ ഉദ്ഘാടനം ചെയ്യുമെന്ന മുഖ്യമന്ത്രി പറഞ്ഞു. 200 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു വീട്ടിലെ ശരാശരി വൈദ്യുതി ഉപഭോഗം 53 യൂനിറ്റ് മാത്രമാണ്. ചിലർ 65 വരെ ഉപയോഗിക്കും. ചിലരാകട്ടെ 70ഉം 80ഉം യൂനിറ്റ് ഉപയോഗിക്കും.
ശരാശരി ഉപഭോഗം എടുത്ത് അതിന്റെ കൂടെ 10 ശതമാനം കൂടുതൽ യൂനിറ്റ് വൈദ്യുതി കൂട്ടി നൽകുകയാണ് ഈ പദ്ധതിയിൽ ചെയ്യുന്നത്. നിബന്ധനകളില്ലാതെ 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുകയല്ല ചെയ്യുന്നത്. അങ്ങനെ ചെയ്താൽ 80 യൂനിറ്റ് മാത്രം ശരാശരി ഉപയോഗിക്കുന്നവർ വൈദ്യുതി ദുരുപയോഗം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വീടുകളുടെയും 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കും.
ഇതിൽ 10 ശതമാനംകൂടി ആനുകൂല്യം നൽകിയാണ് വീടൊന്നിന് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ഒരു വർഷത്തെ ആകെ ഉപയോഗിച്ച യൂനിറ്റ് കൂട്ടിയതിൽ 10 ശതമാനം അധിക ആനുകൂല്യവും നൽകിയശേഷം അതിന്റെ ശരാശരി 200 യൂനിറ്റിൽ അധികമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇവർക്ക് ജൂലൈ മുതൽ ബില്ലടക്കേണ്ടിവരില്ല.
ജൂൺ 30 വരെയുള്ള കുടിശ്ശിക മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണം. ഇല്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു. 200 യൂനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഇതിന്റെ ബിൽ നൽകും. 200 യൂനിറ്റിൽ കുറവ് ഉപയോഗിക്കുന്നവർക്ക് അടക്കേണ്ട സംഖ്യയിൽ പൂജ്യം രേഖപ്പെടുത്തിയ ബിൽ ആകും നൽകുക.
ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി നൽകുന്ന അന്നഭാഗ്യ പദ്ധതിയുടെ ഉദ്ഘാടനവും ജൂലൈ ഒന്നിന് മൈസൂരുവിൽ നടക്കും. ബി.പി.എൽ, എ.പി.എൽ കാർഡ് ഉടമകളായ ഗൃഹനാഥകൾക്ക് 2000 രൂപ പ്രതിമാസം നൽകുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതി ആഗസ്റ്റ് 16നാണ് തുടങ്ങുക. ബെളഗാവിയിലാണ് ഇതിന്റെ ഉദ്ഘാടനം നടക്കുക. ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ ഇതിന് അപേക്ഷകൾ സ്വീകരിക്കും. ആഗസ്റ്റ് 16ന് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കും. ആദായ നികുതിയും ജി.എസ്.ടിയും ഫയൽ ചെയ്യുന്ന കുടുംബത്തിലെ ഗൃഹനാഥകൾക്ക് ഇതിന് അർഹതയില്ല.
2022-2023 വർഷം ബിരുദം നേടിയവർക്ക് മാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന ‘യുവനിധി’ പദ്ധതിയും നടപ്പാക്കും. രജിസ്റ്റർ ചെയ്ത് 24 മാസമാണ് 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഈ ധനസഹായം നൽകുക. ഇതിനിടയിൽ സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ തൊഴിൽ നേടുകയാണെങ്കിൽ ധനസഹായം നിർത്തും. തൊഴിൽ ലഭിച്ചുവെന്ന് സർക്കാറിന് എങ്ങനെ അറിയാൻ കഴിയുമെന്ന ചോദ്യത്തിന് കൃത്യമായ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അഞ്ച് പദ്ധതികളും നടപ്പാക്കാൻ വർഷം 50,000 കോടിയിലധികം രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷേമ പദ്ധതികൾ: ചെലവിന്റെ കാര്യം ബി.ജെ.പി നോക്കേണ്ട -മുഖ്യമന്ത്രി
ബംഗളൂരു: കോൺഗ്രസിന്റെ അഞ്ചിന വാഗ്ദാനങ്ങൾ അടങ്ങിയ പദ്ധതി നടപ്പാകുമ്പോൾ സർക്കാർ ഖജനാവ് കാലിയാകുമെന്ന ബി.ജെ.പി പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ.
താനാണ് ധനകാര്യമന്ത്രിയെന്നും പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്ന് തനിക്കറിയാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അധികാരത്തിലിരുന്നപ്പോൾ ഒരു വാഗ്ദാനം പോലും പാലിക്കാതിരുന്ന ബി.ജെ.പി നുണകൾ പറയുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ എല്ലാവർഷവും മാർച്ചിലോ ഏപ്രിലിലോ വൈദ്യുതി നിരക്ക് പുനഃക്രമീകരിക്കാറുണ്ട്.
ജൂൺ മാസത്തിലാണ് ഇത് പ്രാബല്യത്തിൽ വരുത്തുക. അതാണ് ഇപ്രാവശ്യവും സംഭവിച്ചിരിക്കുന്നത്. അല്ലാതെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചയുടൻ വൈദ്യുതി നിരക്ക് കൂട്ടുകയല്ല ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.