ഗൃഹലക്ഷ്മിയിൽ പണം സ്വരൂപിച്ചു; കൃഷിയിടത്തിൽ കുഴൽക്കിണറൊരുക്കി
text_fieldsബംഗളൂരു: അമ്മായിയമ്മ -മരുമകൾ പോരു കഥകളെ പതിരുകളാക്കി കർണാടക സർക്കാറിന്റെ ഗൃഹലക്ഷ്മി പദ്ധതി പെരുമ. സർക്കാറിന്റെ അഞ്ച് അഭിമാന ഗാരന്റികളിലൊന്നായ ഗൃഹലക്ഷ്മി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുഴൽക്കിണർ ഗഡക് ഗജേന്ദ്രഗഡ മലധാര ഓണിയിലെ കൃഷിയിടത്തിൽ ഹരിതവിപ്ലവം സൃഷ്ടിക്കുകയാണ്.
മബൂബിയും അവരുടെ മകന്റെ ഭാര്യ റോഷൻ ബീഗവുമാണ് ഗൃഹലക്ഷ്മി പദ്ധതി ഫണ്ട് വിനിയോഗത്തിൽ മാതൃക സൃഷ്ടിച്ചത്. തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ഗൃഹലക്ഷ്മി ഫണ്ട് വഴി 44,000 രൂപ സമാഹരിച്ചുവെന്ന് മബൂബി പറഞ്ഞു. തന്റെ മകൻ 10,000 രൂപ കൂടി നിക്ഷേപിച്ചു, ഇതുംകൂടി ചേർത്ത് തങ്ങൾ ഒരുമിച്ച് കൃഷിഭൂമിയിൽ കുഴൽക്കിണർ കുഴിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ദീർഘവീക്ഷണമുള്ള ഉറപ്പുകൊണ്ടാണ് സാധ്യമായതെന്ന് അവർ തുടർന്നു. ഗൃഹലക്ഷ്മി പദ്ധതിയുടെ പണം കുഴൽക്കിണർ കുഴിക്കുന്നതിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് മബൂബിയുടെയും മരുമകളുടെയും വാക്കുകൾ കേട്ടതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സിദ്ധരാമയ്യ ‘എക്സി’ൽ കുറിച്ചു. ഗാരന്റി പദ്ധതികൾ കുടുംബങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നതിൽ വലിയ സംതൃപ്തി തോന്നുന്നു.
ഗൃഹലക്ഷ്മി പദ്ധതി അമ്മായിയമ്മക്കും മരുമകൾക്കും ഇടയിൽ വിള്ളലുണ്ടാക്കുമെന്ന് പറഞ്ഞവർ ഇനി അവരുടെ വാക്കുകൾ ഓർക്കും. ഇനിയും വെളിച്ചത്തു വരാത്ത ആയിരക്കണക്കിന് വിജയഗാഥകൾ ഇതുപോലെയുണ്ട്. കർണാടകയിലെ എണ്ണമറ്റ അമ്മമാർക്ക് ഗൃഹലക്ഷ്മി പദ്ധതി ഭാഗ്യലക്ഷ്മിയായി മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.