എച്ച്. നാഗേഷ് മഹാദേവപുരയിൽ മത്സരിച്ചേക്കും
text_fieldsബംഗളൂരു: കോലാറിലെ മുദ്ബാഗലിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷ് കോൺഗ്രസ് ടിക്കറ്റിൽ ബംഗളൂരുവിലെ മഹാദേവപുരയിൽനിന്ന് മത്സരിച്ചേക്കും. നിലവിൽ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയായ ബി.ജെ.പി അംഗം അരവിന്ദ് ലിംബാവലിയെ നേരിടാൻ മണ്ഡലത്തിലെ അടിത്തട്ടിലെ പ്രവർത്തനങ്ങൾക്ക് നാഗേഷ് തുടക്കമിട്ടതായാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക അടുത്തമാസം പ്രസിദ്ധീകരിക്കും. കഴിഞ്ഞയാഴ്ചയാണ് എച്ച്. നാഗേഷ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. മുമ്പ് കോൺഗ്രസ് പ്രവർത്തകനായിരുന്ന നാഗേഷ് 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുദ്ബാഗലിൽ പാർട്ടി ടിക്കറ്റ് നൽകാതായതോടെ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകുകയായിരുന്നു.
എന്നാൽ, കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്മ നിരീക്ഷണത്തിൽ തള്ളിയതോടെ നാഗേഷ് കോൺഗ്രസിന്റെ അനൗദ്യോഗിക സ്ഥാനാർഥിയായി. സ്വതന്ത്രനായി മത്സരിച്ച നാഗേഷിനായിരുന്നു കോൺഗ്രസിന്റെ വോട്ട്. ഇതോടെ മുദ്ബാഗലിൽ ജയിച്ചു കയറിയ നാഗേഷ് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തൂക്കു മന്ത്രിസഭ സാധ്യത തെളിഞ്ഞപ്പോൾ കോൺഗ്രസിനൊപ്പം തന്നെ നിന്നു.
പിന്നീട് മന്ത്രിയുമായി. എന്നാൽ, കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിൽ നാഗേഷ് ബി.ജെ.പിയോട് അടുത്തു. സഖ്യസർക്കാറിനുള്ള പിന്തുണ പിൻവലിച്ച നാഗേഷ് പിന്നീട് ബി.ജെ.പി സർക്കാറിനെ പിന്തുണച്ചു. ഒടുവിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നാഗേഷ് പഴയ കളത്തിൽതന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.