വിദ്വേഷ വിഡിയോ; കോൺഗ്രസ് പരാതി നൽകി
text_fieldsബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യാതിരിക്കാൻ വിദ്വേഷ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി കോൺഗ്രസ്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, സോഷ്യൽ മീഡിയ ഇൻ ചാർജ് അമിത് മാളവ്യ, കർണാടക ബി.ജെ.പി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
രാഹുൽ ഗാന്ധിയെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും എസ്.സി/എസ്.ടി വിഭാഗങ്ങളെ അടിച്ചമർത്തി മുസ്ലിംകൾക്ക് അനുകൂല നിലപാടെടുക്കുന്നവരായി ചിത്രീകരിച്ച്, സമൂഹത്തിൽ വെറുപ്പും ശത്രുതയും പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് പുറത്തുവിട്ട വിഡിയോക്കെതിരെ നടപടിയെടുക്കണമെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
എങ്ങനെയാണ് ഇത്തരമൊരു വിഡിയോക്ക് സംസ്ഥാന തല മീഡിയ മോണിറ്ററിങ് കമ്മിറ്റി അംഗീകാരം നൽകുന്നതെന്ന് മനസ്സിലാകുന്നില്ല. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരെ അപകീർത്തിപ്പെടുത്തുന്ന ഈ വിഡിയോക്കെതിരെ എന്തുകൊണ്ട് ഇതുവരെ നടപടിയെടുത്തില്ലെന്നും പരാതിയിൽ ചോദിക്കുന്നു. മേയ് ഏഴിന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന ഈ വിഡിയോ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനുള്ളതാണെന്ന് കെ.പി.സി.സി ചെയർമാൻ രമേശ് ബാബു പറഞ്ഞു.
ബി.ജെ.പി കർണാടക ഘടകം പുറത്തുവിട്ട ഇസ്ലാമോഫോബിയ നിറഞ്ഞ വിഡിയോക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തിൽ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതിൽ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്നെഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്ലിം എന്നെഴുതിയ മുട്ട രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും കൊണ്ടുവെക്കുന്നു. മുട്ട വിരിഞ്ഞ് കിളികൾ പുറത്തു വരുമ്പോൾ മുസ്ലിം എന്നെഴുതിയ മുട്ടയിൽ നിന്ന് വിരിഞ്ഞ പക്ഷിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ടുകൾ നൽകുന്നതാണ് കാണിച്ചിരിക്കുന്നത്. ഏഴ് മില്യണിലധികം ആളുകളാണ് എക്സിൽ വിഡിയോ കണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.