ആരോഗ്യവകുപ്പ് പരിശോധന മൈസൂരുവിൽ മൂന്ന് ക്ലിനിക്കുകൾ അടപ്പിച്ചു
text_fieldsബംഗളൂരു: മൈസൂരു എച്ച്.ഡി കോട്ടെയിൽ മൂന്നു ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് അധികൃതർ പൂട്ടിച്ചു. താലൂക്ക് ആരോഗ്യ ഓഫിസർ ഡോ. ടി. രവി കുമാറിന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് ക്ലിനിക്കുകളുടെ പ്രവർത്തനം ശരിയായ വിധത്തിലല്ലെന്ന് കണ്ടെത്തിയത്. ഹംപുര ഹൊബ്ലി ജി. സരഗൂർ വില്ലേജിലെ ക്ലിനിക്, ആലനഹള്ളി വില്ലേജിലെ ഗുരു ക്ലിനിക്, അരുൺ ക്ലിനിക് എന്നിവയാണ് അടപ്പിച്ചത്.
മൈസൂരു കേന്ദ്രമായി നടന്ന പെൺ ഭ്രൂണഹത്യ റാക്കറ്റ് കേസിന് പിന്നാലെ സംസ്ഥാനത്തെ അനധികൃത ആരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തി അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു.
ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പരിശോധന നടന്നുവരുകയാണ്. സംസ്ഥാനത്തെ എല്ലാ സ്കാനിങ് സെന്ററുകൾക്കും നഴ്സിങ് ഹോമുകൾക്കും ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാത്ത കേന്ദ്രങ്ങൾ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (കെ.പി.എം.ഇ) ആക്ട് പ്രകാരം ആരോഗ്യവകുപ്പ് അടച്ചുപൂട്ടും. ബംഗളൂരു നഗരത്തിൽ രണ്ടു ഡയഗ്നോസ്റ്റിക് സെന്ററുകൾ ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയിരുന്നു. കഗ്ഗദാസപുരയിൽ പ്രവർത്തിച്ചിരുന്ന എസ്.എസ് ലാബ്സ് ആൻഡ് ഡയഗ്നോസ്റ്റിക്സ്, മെഡിസോൺ ഡയഗ്നോസ്റ്റിക്സ് എന്നിവയാണ് അടപ്പിച്ചത്. നിയമപ്രകാരമുള്ള രേഖകൾ ഹാജരാക്കാൻ ഈ കേന്ദ്രങ്ങൾക്ക് കഴിഞ്ഞില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.