കനത്ത മഴ; ചിക്കമഗളൂരുവിൽ വിനോദ സഞ്ചാരത്തിന് വിലക്ക്
text_fieldsമംഗളൂരു: ചിക്കമഗളൂരു മുല്ലയാനഗിരി, സിതാലായനഗിരി മേഖലകളിലേക്ക് വിനോദ സഞ്ചാരം ഈ മാസം 22 വരെ വിലക്കി ചിക്കമഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണർ മീന നാഗരാജ് ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പിന്റെ അഭ്യർഥനയനുസരിച്ചാണിതെന്ന് ഡി.സി പറഞ്ഞു. ടൂറിസ്റ്റുകളുടെ ആധിക്യം താങ്ങാൻ മലകൾക്കാവുന്നില്ല. സഞ്ചാരികളെ നിയന്ത്രിക്കാൻ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. നിരോധിത മേഖലയിലൂടെയാണ് എത്തിന ഭുജ, ശൃംഗേരി, കെമ്മിനഗുഡ്ഡി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂറിസ്റ്റുകൾ കടക്കുന്നത്. വിനോദ സഞ്ചാരികളെ തിരിച്ചയച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ഡി.സി പറഞ്ഞു. വാരാദ്യത്തിലും വാരാന്ത്യത്തിലും സഞ്ചാരികൾ പതിവുപോലെ എത്തി. ശനിയാഴ്ച 2300 പേരും ഞായറാഴ്ച 2187 പേരുമാണ് സന്ദർശനം നടത്തിയത്. പാതകളൂടെ ബലക്ഷയവും മണ്ണിടിച്ചിൽ ഭീഷണിയും മുന്നിൽ കണ്ടാണ് പി.ഡബ്ല്യു.ഡി നിയന്ത്രണം ആവശ്യപ്പെട്ടത്. റോഡിലെ തടസ്സങ്ങൾ വാഹനഗതാഗതത്തെ ബാധിക്കുന്നു. ഇങ്ങനെ വഴിയിൽ കുടുങ്ങിയ വാഹനങ്ങളിലെത്തിയവരെ സമയം തെറ്റിയതിനാൽ തിരിച്ചയച്ചിരിക്കാം. അത് സ്വാഭാവികമാണെന്ന് ഡി.സി അവകാശപ്പെട്ടു. സാഹചര്യം അനുകൂലമായാൽ 23 മുതൽ വിലക്കുകൾ നീക്കുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.