ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു; കുടകിൽ ദുരിതപ്പെയ്ത്ത്
text_fieldsമംഗളൂരു: കുടക് ജില്ലയിൽ ദുരിതപ്പെയ്ത്ത് തുടർന്ന് മഴ. ജില്ല ആസ്ഥാന താലൂക്കായ മടിക്കേരിയിൽ ബെൻഗുരു ഗ്രാമത്തിലെ ഡോണി കടവ് ചെറമ്പനെ മേഖല വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണ്.
കാവേരി നദിയോട് ചേർന്ന നെലജി, കക്കബെ, ബാഗമണ്ഡല, തലക്കാവേരി മേഖലകളിലെ മൂന്ന് കിലോമീറ്റർ പാത വെള്ളത്തിനടിയിലായി. പറമ്പു പൈസാരിയിലെ 60 കുടുംബങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട് ദ്വീപ് സമാന അവസ്ഥയിൽ കഴിയുകയാണ്. മോട്ടോർ ബോട്ടിന്റെ സഹായത്തോടെയാണ് കുട്ടികളെ ഭീതിയോടെ സ്കൂളുകളിൽ അയക്കുന്നത്. വനം വകുപ്പിന്റെ ബോട്ട് സൗകര്യം ലൈഫ് ജാക്കറ്റ് കരുതലോടെ ഉപയോഗിക്കുന്നു.
കനത്ത മഴയിൽ പാതകൾ തകരുകയും ബലക്ഷയം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടക് ജില്ലയിൽ ഭാരം കയറ്റിയ വാഹന ഗതാഗതത്തിന് കഴിഞ്ഞ ദിവസമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നിയന്ത്രണം കുടകിന്റെ വ്യാപാര മേഖലയെ ബാധിക്കും. ദേശീയ പാത 275 ലാണ് ജില്ല ഭരണകൂടത്തിന്റെ നിയന്ത്രണം. 18500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ മഴക്കാലം കഴിയും വരെ റോഡിൽ ഇറക്കരുത്. ബുള്ളറ്റ് ടാങ്കറുകൾ, കാർഗോ കണ്ടെയ്നറുകൾ, മരം കയറ്റിയ ലോറികൾ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാണ്.
നിയന്ത്രണം മറികടക്കുന്ന വാഹനങ്ങൾ തടഞ്ഞ് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തിത്തുടങ്ങി. പാചകവാതകം, ഇന്ധനം, പാൽ വാഹനങ്ങൾ, സർക്കാർ, പൊതുഗതാഗത, സ്കൂൾ-കോളജ് വാഹനങ്ങൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.