കനത്ത മഴ; റോഡ്, മെട്രോ ഗതാഗതം തടസ്സപ്പെട്ടു
text_fieldsബംഗളൂരു: ഞായറാഴ്ച വൈകുന്നേരം മുതൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ബംഗളൂരുവിൽ മരങ്ങൾ കടപുഴകി റോഡ്, മെട്രോ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ബംഗളൂരു എം.ജി റോഡിനും ട്രിനിറ്റിക്കും ഇടയിലുള്ള മെട്രോ ട്രാക്കിൽ വൻ മരം വീണതിനെത്തുടർന്ന് മെട്രോ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. വയഡക്ട് ട്രാക്കിൽ മരം വീണ് പർപ്പിൾ ലൈൻ മെട്രോ ട്രാഫിക്കിൽ തടസ്സം നേരിട്ടു. ഇന്ദിരാ നഗർ, വൈറ്റ്ഫീൽഡ് ഷോർട്ട് ലൂപ് മരങ്ങൾ വെട്ടിമാറ്റുന്ന ജോലികൾ നടക്കുന്നുണ്ടെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. വൻ മരങ്ങൾ വീണ് നിരവധി കാറുകൾക്ക് കേടുപറ്റി. തുമകൂരിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ഐ10 കാറിന് മുകളിൽ മരം വീണു.
മഹാലക്ഷ്മി ലേഔട്ടിൽ കനത്ത മഴയിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു. ഓട്ടോ പൂർണമായും തകർന്നു. ഹുളിമാവ് റോഡിലും മരങ്ങൾ കടപുഴകി. കട പൂർണമായി തകർന്നു. ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പാതയോരത്ത് നിർത്തിയിട്ടിരുന്ന പത്തിലധികം ബൈക്കുകൾ തകർന്നു. മഗഡി റോഡ് കെ.പി അഗ്രഹാരയിൽ വീടുകളിൽ വെള്ളം കയറി.
കസ്തൂരി നഗറിൽ നിന്ന് എം.എം.ടി ജങ്ഷനിലേക്കുള്ള (കെ.ആർ പുര) എം.എം.ടി ബസ് സ്റ്റാൻഡിന് സമീപം മഴവെള്ളം കെട്ടിനിന്നതിനാൽ വൈറ്റ്ഫീൽഡ്, മഹാദേവപൂർ, കെ.ആർ പുര എന്നിവിടങ്ങളിലേക്കുള്ള റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. വിൽസൺ ഗാർഡൻ മെയിൻ റോഡിൽ ഗതാഗതം മുടങ്ങി. കൊറമംഗള, അഡുഗോഡി ഭാഗങ്ങളിൽ നിന്ന് ശാന്തി നഗർ ബസ് സ്റ്റാൻഡിലേക്കുള്ള ബസുകളുടെ നീക്കത്തെയും ബാധിച്ചു.വിവേക് നഗർ, ഇജിപ്പുര ഭാഗങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.