ഹെബ്ബാൾ മേൽപാത നവീകരണം പുനരാരംഭിക്കുന്നു
text_fieldsബംഗളൂരു: വാഹനത്തിരക്കിലമർന്ന ഹെബ്ബാൾ മേൽപാതയുടെ നവീകരണം വീണ്ടും തുടങ്ങുന്നു. 2019 ഏപ്രിലിൽ നവീകരണപ്രവൃത്തികൾ ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി (ബി.ഡി.എ) പൂർണമായും നിർത്തിവെച്ചിരുന്ന നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുനരാരംഭിക്കാൻ തീരുമാനമായത്. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) നവീകരണ പ്രവൃത്തികൾക്കായി ബി.ഡി.എക്ക് അനുമതി നൽകിയതോടെയാണിത്. മേൽപാതയുടെ ആദ്യ നിലയിൽ മാത്രം അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ നടത്തുന്ന തരത്തിലുള്ള മുൻകാലത്തെ യഥാർഥ പദ്ധതിയനുസരിച്ച് നവീകരണം നടത്താമെന്ന് ബി.ഡി.എ സമ്മതിച്ചതോടെയാണ് ബി.എം.ആർ.സി.എൽ അനുമതി നൽകിയിരിക്കുന്നത്. നേരത്തേ മേൽപാതയുടെ രണ്ടാം നിലയിലും പണികൾ നടത്തുന്ന തരത്തിലായിരുന്നു പദ്ധതി സമർപ്പിച്ചിരുന്നത്.
പുതിയ അനുമതിയുടെ പശ്ചാത്തലത്തിൽ രണ്ട് ലൈനുകൾ വിമാനത്താവള ഭാഗത്തു നിന്ന് നഗരത്തിന്റെ ഭാഗത്തേക്ക് ആദ്യനിലയിൽ തന്നെ പണിയുമെന്ന് ഉന്നത ബി.ഡി.എ ഉദ്യോഗസ്ഥൻ അറിയിച്ചു. അടിപ്പാതയിൽ നിന്ന് അകലത്തിലായിരിക്കും ഇത് പണിയുക. നിലവിൽ ഹെബ്ബാൾ മേൽപാതയിൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്ക് വരുന്നവർ ഇതുമൂലം ഏറെ ദുരിതത്തിലാണ്. യെലഹങ്ക, ദൊഡ്ഡബെല്ലാപുർ, ജാക്കൂർ, ഗൗരിബിദനൂർ, സഹകർ നഗർ, കോഫി ബോർഡ് ലേഔട്ട്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും മേൽപാലത്തിലെ വാഹനക്കുരുക്ക് പ്രതിസന്ധിയാണ്. നവീകരണപ്രവൃത്തിയിൽ രണ്ട് ലെയിനുകൾകൂടി പണിയുന്നതോടെ വാഹനഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷ.
മേൽപാതയുടെ സമീപത്തായും മുകൾ ഭാഗത്തായും മെട്രോ ട്രെയിനിന്റെ രണ്ട് വ്യത്യസ്ത ലൈനുകളുണ്ട്. ഇവക്ക് പ്രശ്നമുണ്ടാകുന്ന തരത്തിൽ മേൽപാതയിൽ നിർമിതികൾ ഉണ്ടായതിനെ തുടർന്നാണ് 2019ൽ നവീകരണപ്രവൃത്തികൾ നിർത്തിവെക്കാൻ ബി.എം.ആർ.സി.എൽ ബി.ഡി.എക്ക് നിർദേശം നൽകിയത്.
തുടർന്ന് സംസ്ഥാന ഉന്നതാധികാര സമിതി കഴിഞ്ഞ ഏപ്രിൽ 28നും സെപ്റ്റംബർ 12നും ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്തിയിരുന്നു. നവീകരണ പ്രവൃത്തികൾക്കുള്ള തടസ്സം നീക്കുകയായിരുന്നു ലക്ഷ്യം. ഇതേത്തുടർന്നാണ് നിലവിലുള്ള തടസ്സം നീങ്ങിയതും നവീകരണപ്രവൃത്തിക്ക് അനുമതി നൽകിയിരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.