വരുന്നു, പുതിയ 37 കി.മീ ഹെബ്ബാൾ-സർജാപുര മെട്രോപാത
text_fieldsആർ.വി റോഡിനും ബൊമ്മസാന്ദ്രക്കും ഇടയിലായി നമ്മ മെട്രോയുടെ പ്രവൃത്തികൾ
പുരോഗമിക്കുന്നു
ബംഗളൂരു: ഹെബ്ബാളിൽ നിന്ന് സർജാപുരയിലേക്ക് 37 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ മെട്രോലൈൻ നിർമിക്കുമെന്ന് ബജറ്റ്. 15,000 കോടി രൂപ ചെലവിലാണിത്. ഇതിന്റെ പദ്ധതിരേഖ അനുമതിക്കായി കേന്ദ്രസർക്കാറിന് സംസ്ഥാന സർക്കാർ സമർപ്പിക്കും. നിലവിൽ ആകെ 70 കിലോമീറ്ററിലാണ് നമ്മ മെട്രോയുടെ ശൃംഖലയുള്ളത്. 5.7 ലക്ഷം യാത്രക്കാർ ദിനേനെ ആശ്രയിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോയാണിത്. ഈ സാമ്പത്തിക വർഷത്തിൽ 100കിലോമീറ്ററായി മെട്രോയെ മാറ്റുമെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച കോൺഗ്രസ് സർക്കാറിന്റെ ആദ്യ ബജറ്റിൽ പറയുന്നു. ബൈയപ്പനഹള്ളി മുതൽ കൃഷ്ണരാജപുരം, കെങ്കേരിയിൽ നിന്ന് ചല്ലഘട്ട, നാഗസാന്ദ്രയിൽ നിന്ന് മടവാര, ആർ.വി റോഡിൽ നിന്ന് ബൊമ്മസാന്ദ്ര എന്നിങ്ങനെയാണ് മെട്രോയുടെ വിപുലീകരണ പ്രവൃത്തികൾ നടത്തുകയെന്നും ബജറ്റിൽ പറയുന്നുണ്ട്.
2024 അവസാനത്തോടെ 27 കിലോമീറ്റർ പാത കൂടി മെട്രോയിൽ കൂട്ടിച്ചേർക്കപ്പെടും. അതുകഴിഞ്ഞുള്ള മൂന്നുവർഷത്തിൽ മെട്രോ ശൃംഖല 70കിലോമീറ്ററിൽ നിന്ന് 176 കിലോമീറ്ററായി വിപുലീകരിക്കും. നിലവിലുള്ള ശൃംഖലയുടെ ദൈർഘ്യത്തിന്റെ 2.5 മടങ്ങ് വർധനയായിരിക്കും അപ്പോൾ ഉണ്ടാകുകയെന്നും ബജറ്റിൽ വിശദമാക്കുന്നുണ്ട്. 16,328 കോടി രൂപ ചെലവിൽ മെട്രോ മൂന്നാം ഘട്ട വികസനപ്രവൃത്തികൾക്കുള്ള വിശദ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചതായും ബജറ്റിൽ പറയുന്നു. കെംപാപുര മുതൽ ജെ.പി നഗർ ഫോർത്ത് ഫേസ് വരെയുള്ള 45 കിലോമീറ്ററാണ് ഈ പദ്ധതിയിൽ വരുന്നത്. പശ്ചിമ ഔട്ടർ റിങ് റോഡ് ലൈൻ ഉൾപ്പെടെ ഹൊസഹള്ളി മുതൽ കദബഗരെ വരെയുമുള്ള വിപുലീകരണം ഈ പദ്ധതി പ്രവൃത്തിയിൽ ഉൾപ്പെടുന്നുണ്ട്.
ബജറ്റിൽ നമ്മ മെട്രോക്കും സബർബൻ റെയിൽവേ പദ്ധതിക്കുമായി 30,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതികൾ പൂർത്തിയാകാൻ അഞ്ചുവർഷമെങ്കിലും ആവശ്യമാണ്. സബർബൻ റെയിലിനായി ആയിരം കോടി രൂപയാണുള്ളത്. പദ്ധതിക്കായി ആകെ വേണ്ടത് 15,767 കോടിയാണ്. ഇതിൽ 3,242 കോടി രൂപ കേന്ദ്രഫണ്ടാണ്. പുറമെ നിന്നുള്ള കടമെടുപ്പ് തുകയായ 7,438 കോടിയും ഇതിൽ ഉൾപ്പെടും. നിലവിൽ കേന്ദ്രം അനുവദിച്ചത് 500 കോടിയും സംസ്ഥാനം അനുവദിച്ചത് 660 കോടിയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.