ഇതാ തെരഞ്ഞെടുപ്പ് ബജറ്റ്
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന കർണാടകയിൽ ബി.ജെ.പി സർക്കാറിന്‍റെ അവസാന ബജറ്റ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവതരിപ്പിച്ചു. ഏപ്രിൽ-മേയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടുലക്ഷ്യമിട്ട് മതവിശ്വാസികളെ പാട്ടിലാക്കാനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാമനഗര ജില്ലയിലെ രാമദേവര ബെട്ടയിൽ രാമക്ഷേത്രം നിർമിക്കും. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കുമായി 1,000 കോടി അനുവദിക്കുമെന്നും ബജറ്റിൽ പറയുന്നു.
കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം നൽകാനായി വരുമാനനികുതി ഒഴിവാകൽ പരിധി 15000ത്തിൽ നിന്ന് 25000 ആക്കി. കർഷകർക്കുള്ള ആശ്വാസപ്രഖ്യാപനവും ഉണ്ട്. പലിശരഹിത ഹ്രസ്വകാല വായ്പയുടെ തുക മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കി. സങ്കീർണ നടപടികളില്ലാതെ കാർഷികാവശ്യങ്ങൾക്ക് ഇതിലൂടെ വായ്പ ലഭിക്കും. 30 ലക്ഷം കർഷകർക്ക് 25,000 കോടിയുടെ വായ്പയാണ് ഇതിലൂടെ അനുവദിക്കുകയെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
കിസാൻ കാർഡ് ഉടമകൾക്ക് 2023-24ൽ 10,000 രൂപ അധിക സബ്സിഡി നൽകും. ‘ഭൂ സിരി’ എന്ന പുതിയ സ്കീം പ്രകാരമാണിത്. ഇതുപ്രകാരം പ്രതിസന്ധിഘട്ടത്തിൽ കർഷകർക്ക് വിത്തുകൾ, വളം, കീടനാശിനികൾ തുടങ്ങിയവ വാങ്ങാം. ഇതിനായി സംസ്ഥാന സർക്കാർ 2,500 രൂപയും നബാർഡ് 7,500 രൂപയുമാണ് നൽകുക. 50 ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കും.
വനിതകളെ കൈയിലെടുക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിയില്ലാത്ത കർഷക സ്ത്രീകൾക്ക് എല്ലാ മാസവും 500 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന ‘ശർമ ശക്തി’ സ്കീമും ബജറ്റിൽ ഉണ്ട്.ഉപരിപഠനം ആഗ്രഹിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഗവ. പ്രീയൂനിവേഴ്സിറ്റി കോളജുകളിലും ഗവൺമെന്‍റ് ഡിഗ്രി കോളജുകളിലും സൗജന്യ വിദ്യാഭ്യാസം നൽകുന്നതിന് ‘സി.എം. വിദ്യ ശക്തി’ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എട്ട് ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും.കോവിഡിനുശേഷം റവന്യൂ വരുമാനം റവന്യൂ ചെലവിനേക്കാൾ 402 കോടി അധികമാണെന്നും അതിനാൽ മിച്ചബജറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെവിയിൽ പൂ വെച്ച് കോൺഗ്രസ് പ്രതിഷേധം
ബംഗളൂരു: ബജറ്റ് അവതരണ ദിവസം കർണാടക നിയമസഭയിൽ കോൺഗ്രസ് എം.എൽ.എമാർ എത്തിയത് ചെവിയിൽ പൂ വെച്ച്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ പ്രതിഷേധം തുടങ്ങി. കഴിഞ്ഞ ബജറ്റിലെ നിർദേശങ്ങൾ നടപ്പാക്കാതെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ ആരോപിച്ചു. പുതിയ ബജറ്റിലെ ഒരു പ്രഖ്യാപനവും നടപ്പാക്കാൻ പോകുന്നില്ല.
മുന്‍ ബജറ്റുകള്‍ക്കു പുറമെ 2018ല്‍ തെരഞ്ഞെടുപ്പിനു മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ബി.ജെ.പി നടപ്പാക്കിയില്ലെന്നും ആരോപിച്ചു. ബജറ്റ് അവതരണത്തിനുമുമ്പ് പ്രതിഷേധമറിയിച്ച കോണ്‍ഗ്രസ് അംഗങ്ങളോട് സഹകരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം തുടര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്നീട് ബജറ്റ് അവതരണവുമായി സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.