ഹൈകോടതി ഇടപെടൽ, കൈയേറ്റം ഒഴിപ്പിക്കൽ പുനരാരംഭിച്ചു
text_fieldsബംഗളൂരു: ഹൈകോടതിയുടെ രൂക്ഷവിമർശനത്തിനൊടുവിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ ബി.ബി.എം.പി പുനരാരംഭിച്ചു. മഹാദേവപുരത്താണ് നടപടികൾ വീണ്ടും തുടങ്ങിയത്. മഴ പെയ്യുമ്പോൾ നഗരത്തിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടാകുന്നതും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകുന്നതുമായ ഭാഗമാണ് മഹാദേവപുര. വിവിധ ഐ.ടി കമ്പനികളുടെ നിരവധി കെട്ടിടങ്ങൾ ഇവിടെ ഉണ്ട്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകളും ഇവിടെ താമസിക്കുന്നുണ്ട്. ഇതിനാൽ തന്നെ ഇവിടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ താമസക്കാരിൽ നിന്നും വൻകിട കമ്പനികളിൽ നിന്നും രൂക്ഷമായ എതിർപ്പാണ് അധികൃതർക്ക് നേരിടേണ്ടിവന്നത്. രാഷ്ട്രീയ ഇടപെടുലുകളുമുണ്ടായി. ഇതോടെ രണ്ടാഴ്ചയായി കൈയേറ്റം ഒഴിപ്പിക്കൽ നിർത്തിവെച്ചിരുന്നു. എന്നാൽ വിജയദശമി ആഘോഷം പ്രമാണിച്ചാണ് നടപടികൾ നിർത്തിവെച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. നഗരങ്ങളിൽ മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകേണ്ട ഓവുചാലുകൾ കൈയേറി കെട്ടിടങ്ങളും വീടുകളും നിർമിച്ചതാണ് നഗരത്തിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് ബി.ബി.എം.പി കണ്ടെത്തിയിരുന്നു.
ഇവയിൽ ഭൂരിഭാഗവും വൻകിട ബിൽഡർമാരും ഐ.ടി കമ്പനികളും ഓവുചാലുകൾ കൈയേറി നിർമിച്ച വൻ കെട്ടിടങ്ങളാണ്. മഹാദേവപുര സോണിൽ വൻകിടക്കാരുടെ 15 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
ബാഗമനെ ടെക് പാർക്, പൂർവ പാരഡൈസ് ആൻഡ് അദേഴ്സ്, ആർ.ബി.ഡി, വിപ്രോ, ഇക്കോ സ്പേസ്, ഗോപാലൻ ബെള്ളന്തൂർ, ഗോപാലൻ ഹൂഡി, ദിവ്യ സ്കൂൾ ആൻഡ് അദേഴ്സ്, ഗോപാലൻ ആൻഡ് അദേഴ്സ് ഹൂഡി, ആദർശ, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ന്യൂ ഹൊറിസോൺ കോളേജ്, ആദർശ റിട്രീറ്റ്, എപിസ്ലോൺ ആൻഡ് ദിവ്യശ്രീ, പ്രസ്റ്റീജ്, സലാപൂരിയ ആൻഡ് ആദർശ, നാലപ്പാട് എന്നീ 15 കമ്പനികളുടെ കെട്ടിടങ്ങളാണ് ഇവ.
എന്നാൽ പാവപ്പെട്ടവരുടെ കൈയേറ്റങ്ങൾ മതിയായ സമയം നൽകാതെ പൊളിച്ചുമാറ്റുകയും വൻകിടക്കാരുടെ കാര്യത്തിൽ മെല്ലേപ്പോക്ക് നടത്തുന്നതിനെയും ഹൈകോടതി വിമർശിച്ചിരുന്നു. കൈയേറ്റങ്ങൾ ഒക്ടോബർ 25നുള്ളിൽ ഒഴിപ്പിച്ച് ഓവുചാലുകൾ മഴവെള്ളം ഒഴുകിപ്പോകാവുന്ന തരത്തിൽ പ്രവർത്തനക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ബംഗളൂരു ഈസ്റ്റ് ഡിവിഷനിൽ 110 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. വെസ്റ്റ് ഡിവിഷനിൽ ഒന്നുമാത്രമാണ് ഒഴിപ്പിച്ചത്. 58 അനധികൃത കെട്ടിടങ്ങൾക്കെതിര ഇവിടെ നടപടിയെടുത്തിട്ടില്ല. സൗത്ത് ഡിവിഷനിൽ 20 ൈകയേറ്റങ്ങൾ പൊളിക്കാനുണ്ട്. യെലഹങ്ക സോണിൽ 12 കൈയേറ്റങ്ങളാണ് പൊളിച്ചത്. 84 എണ്ണം ബാക്കിയുണ്ട്. മഹാദേവപുര സോണിൽ 48 കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. 133 എണ്ണം ബാക്കിയുണ്ട്. ബൊമ്മനഹള്ളിയിൽ ആകെ 75 കൈയേറ്റങ്ങളിൽ 17 എണ്ണമാണ് ഒഴിപ്പിച്ചത്. ആർ.ആർ നഗറിൽ മൂന്ന് കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ആറെണ്ണം ബാക്കിയുണ്ട്. ദാസറഹള്ളി സോണിൽ 113 ൈകയേറ്റങ്ങൾ നീക്കാനുണ്ട്. ഇവിടെ 13 എണ്ണമാണ് ഒഴിപ്പിച്ചത്. കോറമംഗല വാലി മേഖലയിൽ മൂന്ന് കൈയേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ട്. നഗരത്തിലെ ആകെ എട്ടു സോണുകളിലായി 600ലധികം കൈയേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.