സി.ടി. രവിയെ വിട്ടയക്കാൻ ഹൈകോടതി ഉത്തരവ്
text_fieldsബംഗളൂരു: മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരായ അശ്ലീല പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ ബി.ജെ.പി എം.എൽ.സി സി.ടി. രവിയെ വിട്ടയക്കാൻ കർണാടക ഹൈകോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി സി.ടി. രവി സമർപ്പിച്ച ഹരജിയിൽ വെള്ളിയാഴ്ച പരിഗണിച്ച ജസ്റ്റിസ് എം.ജി. ഉമയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണസംഘത്തിന് മുമ്പാകെ ആവശ്യമുള്ളപ്പോൾ ഹാജരാകണമെന്ന ഉപാധിയോടെയാണ് വിധി.
വ്യാഴാഴ്ച നിയമ നിർമാണ കൗൺസിൽ സെഷനിടെ അമിത് ഷാക്കെതിരെ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം അരങ്ങേറുന്നതിനിടെയായിരുന്നു വിവാദ സംഭവം നടന്നത്.
ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ വാക്പോരിനിടെ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കുനേരെ സി.ടി. രവി അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി.
മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75 (ലൈംഗിക പീഡനം), സെക്ഷൻ 79 (സ്ത്രീത്വത്തെ അപമാനിക്കൽ) എന്നീ വകുപ്പുകൾ ചേർത്താണ് സി.ടി. രവിക്കെതിരെ കേസെടുത്തത്.
ഏഴു വർഷത്തിൽ കുറയാത്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടും ക്രിമിനൽ നടപടിക്രമത്തിലെ 41 എ വകുപ്പുപ്രകാരം നോട്ടീസ് നൽകാതെയാണ് പൊലീസ് തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് സി.ടി. രവിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്തോഷ് ചൗട്ട ചൂണ്ടിക്കാട്ടി.
എന്തു സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് സുപ്രീംകോടതിയുടെ മാർഗനിർദേശത്തിനെതിരാണെന്നും അദ്ദേഹം വാദിച്ചു. പൊലീസ് കസ്റ്റഡിയിൽ തന്റെ കക്ഷിക്ക് മർദനമേറ്റു. തലപൊട്ടി ചോരയൊലിച്ചിരുന്നു. ഡോക്ടർമാർ സി.ടി സ്കാനിന് നിർദേശിച്ചിട്ടുണ്ടെന്നും ഈ സാഹചര്യങ്ങൾ പരിഗണിച്ച് അദ്ദേഹത്തിനെ വിട്ടയക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, കേസിൽ സി.ടി. രവിയുടെ ജാമ്യാപേക്ഷ ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണെന്നും ഹരജിയെ എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചെങ്കിലും രവിയെ വിട്ടയക്കാൻ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വ്യാഴാഴ്ച അറസ്റ്റ് ചെയ്ത സി.ടി. രവിയെ ബെളഗാവി പൊലീസ് വെള്ളിയാഴ്ച രാവിലെ വൈദ്യ പരിശോധനക്കുശേഷം അഞ്ചാം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.
സി.ടി. രവിയുടെ ട്രാൻസിറ്റ് വാറന്റിന് പൊലീസ് അനുമതി തേടി. കേസ് ബംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി. കോൺഗ്രസ് നേതാക്കളായ ലക്ഷ്മി ഹെബ്ബാൾക്കർ, ചാമരാജ ഹത്തിഹോളി, ഡി.കെ. ശിവകുമാർ തുടങ്ങിയവർ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് സി.ടി. രവി ബെളഗാവി കാനാപൂര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് സി.ടി. രവി ആരോപിച്ചു.
അറസ്റ്റിന് പിന്നാലെ തന്നെ രാത്രി ബെളഗാവി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോകുകയായിരുന്നെന്നും ചില ഉന്നതരുടെ ഉത്തരവിനനുസരിച്ചാണ് പൊലീസ് പെരുമാറിയതെന്നും ആരോപിച്ച അദ്ദേഹം, സംസ്ഥാന സർക്കാർ ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്നും കുറ്റപ്പെടുത്തി.
സി.ടി. രവിയുടെ അറസ്റ്റിനെതിരെ ബി.ജെ.പി നേതൃത്വത്തിൽ കർണാടകയിലുടനീളം പ്രതിഷേധം അരങ്ങേറി. ചിക്കമഗളൂരു ഹനുമന്തപ്പ സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകരേയും പ്രാദേശിക നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് നടപടിയിൽ സർക്കാർ ഇടപെട്ടിട്ടില്ല -ഡി.കെ. ശിവകുമാർ
ബംഗളൂരു: വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ അശ്ലീല പ്രയോഗം നടത്തിയതിന്റെ പേരിൽ ബി.ജെ.പി എം.എൽ.സി സി.ടി. രവി അറസ്റ്റിലായ സംഭവത്തിൽ പൊലീസ് നടപടിയിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ഇടപെടലുമുണ്ടായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
ബെളഗാവിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശ്ലീലം നിറഞ്ഞ നാവാണ് സി.ടി. രവിയുടേതെന്നും മുമ്പും പല നേതാക്കൾക്കുമെതിരെ രവി മോശം പരാമർശം നടത്തിയിട്ടുണ്ടെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ മുൻ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ് ചിക്കമഗളൂരു സ്വദേശിയായ സി.ടി. രവി. പൊലീസ് സ്റ്റേഷനിൽ സി.ടി. രവിയുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനെയും ശിവകുമാർ വിമർശിച്ചു.
പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. പൊലീസ് സ്റ്റേഷനിൽ അത്തരത്തിൽ യോഗം കൂടാൻ പാടില്ലായിരുന്നു. കുടുംബാംഗങ്ങൾക്കോ ഒന്നോ രണ്ടോ നേതാക്കൾക്കോ അദ്ദേഹത്തെ സന്ദർശിക്കാം. എന്നാൽ, പൊലീസ് സ്റ്റേഷനകത്ത് യോഗം ചേരുകയാണ് ബി.ജെ.പി നേതാക്കൾ ചെയ്തത് -അദ്ദേഹം പറഞ്ഞു.
ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികൾ സി.ടി. രവിക്കെതിരെ നടത്തിയ രോഷപ്രകടനത്തെ ശിവകുമാർ ന്യായീകരിച്ചു. ലക്ഷ്മി അവരുടെ നേതാവാണ്. ആ നാടിന്റെ മകളാണ് അപമാനിക്കപ്പെട്ടത്. അതിന് ബി.ജെ.പി എന്തിനാണ് പ്രതിഷേധം നടത്തുന്നത്. രവിയിൽനിന്നുണ്ടാവുന്ന ഇത് ആദ്യത്തെ സംഭവമൊന്നമല്ല.
കഴിഞ്ഞകാലങ്ങളിൽ പലർക്കുമെതിരെ ഇത്തരം പ്രയോഗങ്ങൾ സി.ടി. രവി നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘സിദ്ധരാമുല്ല ഖാൻ’ എന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്. അതാണ് സി.ടി. രവിയുടെ സംസ്കാരം. കഴിഞ്ഞ ദിവസം കൗൺസിലിൽ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവിടാൻ തയാറാണെന്നും ശിവകുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.