പച്ചക്കറികൾക്ക് തീ വില; ഇനിയും കൂടുമെന്ന് ആശങ്ക
text_fieldsബംഗളൂരു: മഴക്കാലമെത്തിയതോടെ പച്ചക്കറികൾക്ക് തീ വില. ആവശ്യം കൂടുതലും ഉൽപാദനം കുറവുമായതോടെ തക്കാളിക്ക് നേരത്തേ തന്നെ വൻവിലയാണ്. ഇഞ്ചി, കാരറ്റ്, ബീൻസ്, പച്ചമുളക് എന്നിവക്കും മാനംമുട്ടെയാണ് വില. എല്ലാ വർഷവും മഴക്കാലത്ത് വില ഉയരാറുണ്ടെന്ന് വ്യാപാരികൾ പയുന്നു. എന്നാൽ, ഇത്തവണ പതിവിന് വിപരീതമായി വില വൻതോതിലാണ് വർധിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലവും വിളകൾക്കുള്ള രോഗങ്ങൾ കാരണവും ഉൽപാദനത്തിൽ വൻതോതിൽ ഇടിവുണ്ടായി. ഇതാണ് ഇത്തവണ വൻവിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് ബസവനഗുഡിയിലെ ഹോപ്കോംസിന്റെ വ്യാപാരി പറയുന്നു.
കഴിഞ്ഞ ദിവസം തെരുവുകച്ചവടക്കാർ തക്കാളി വിറ്റത് കിലോക്ക് 130 രൂപക്കാണ്. ബീൻസിന് 120, വലിയ ഉള്ളി 35, ഉരുളക്കിഴങ്ങ് 35, ചുവന്നമുളക് 150, കാരറ്റ് 80 രൂപ എന്നിങ്ങനെയുമായിരുന്നു വില. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി തക്കാളിക്ക് കുറഞ്ഞ വിലയാണ് കിട്ടിയിരുന്നത്. ഇതിനാൽ പല കർഷകരും തക്കാളി കൃഷിയിൽ നിന്ന് പിൻമാറി. ഇതിനാൽ ഇത്തവണ ഉൽപാദനം ഗണ്യമായി കുറഞ്ഞു. ഇതാണ് വിലക്കയറ്റത്തിന്റെ പ്രധാനകാരണമെന്ന് വ്യാപാരിയായ മാണ്ഡ്യയിലെ എ. രക്ഷിത് പറയുന്നു.
20 കിലോയുള്ള തക്കാളി ബാഗ് 2,000 രൂപ നിരക്കിലാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇഞ്ചിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. കഴിഞ്ഞ കാലങ്ങളിൽ വൻതോതിൽ ഇഞ്ചിവില കുറഞ്ഞതോടെ കർഷകർ മറ്റ് കൃഷികളിലേക്ക് മാറി. ഇതോടെ ഉൽപാദനം കുറഞ്ഞത് ഇഞ്ചിക്കും വിലയേറ്റി. കാലാവസ്ഥ അസ്ഥിരതയും വിളവ് കുറയാൻ പ്രധാന കാരണമായിട്ടുണ്ട്. കാലവർഷത്തിന്റെ വരവ് വൈകിയതും തിരിച്ചടിയായി. സംസ്ഥാനത്ത് ഇത്തവണ കാലവർഷം ഏറെ വൈകിയാണ് ശക്തിയാർജിച്ചത്. അപ്പോഴേക്കും വിളനാശവും തുടങ്ങിയിരുന്നു. ഇതോടെ ഉൽപാദനം ഏറെ ഇടിഞ്ഞു. ഇതോടെ വില മാനംമുട്ടി. പച്ചക്കറി ഇനങ്ങൾക്ക് ഇനിയും വില കൂടുമെന്നാണ് ആശങ്ക.
സംസ്ഥാനത്തെ പച്ചക്കറികളുടെ കഴിഞ്ഞ ദിവസത്തെ വില കിലോഗ്രാമിൽ
- തക്കാളി 110-130
- ബീൻസ് 100-120
- വഴുതന 40-60
- പച്ചമുളക് 150-160
- ഇഞ്ചി 250-300
- വലിയ ഉള്ളി 35-50
- കാപ്സികം 50-70
- ഉരുളക്കിഴങ്ങ് 35-40
ഇല ഇനങ്ങൾ
മല്ലിചപ്പിന് കെട്ടിന് പത്തു രൂപയായിരുന്നത് 40 രൂപയായാണ് കൂടിയത്. പുതിന ഇല, ചീര, അയമോദക ചപ്പ് തുടങ്ങിയവക്കും വൻ വിലയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.