അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ കുറ്റകൃത്യം കുറക്കും -എൻ.ആർ.എസ്.സി
text_fieldsബംഗളൂരു: രാജ്യത്ത് നടപ്പാക്കുന്ന ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ്സ് (എച്ച്.എസ്.ആർ.പി) കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാൻ സഹായകമാകുമെന്ന് ദേശീയ റോഡ് സുരക്ഷ കൗൺസിൽ (എൻ.ആർ.എസ്.സി) അംഗം കമൽജീത് സോയ്. അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ കർണാടകയിൽ നടപ്പാക്കുന്നതിന് മുന്നോടിയായി നടത്തിയ ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് വിപണനത്തിലും ഉപയോഗത്തിലും കർണാടക മുന്നിലാണ്. കുറ്റകൃത്യങ്ങളുടെ ഏറിയ പങ്കും വാഹനങ്ങൾ ഉപയോഗിച്ചാണ് നടക്കുന്നതെന്നും ഇത്തരം വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ മൂന്നുകോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു കോടിയോളം വാഹനങ്ങളാണ് 2019ന് ശേഷം എച്ച്.എസ്.ആർ.പിയുമായി രജിസ്റ്റർ ചെയ്തിട്ടുള്ളവ. ബാക്കിയുള്ളവ കുറ്റകൃത്യങ്ങൾക്കായി ആർക്കും ഉപയോഗിക്കാൻ കഴിയുമെന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. 18 സംസ്ഥാനങ്ങളിൽ എച്ച്.എസ്.ആർ.പി നടപ്പാക്കിയിട്ടുണ്ട്.
അതേസമയം, അതിസുരക്ഷ നമ്പർ പ്ലേറ്റുകളെന്ന പേരിൽ വ്യാജ നമ്പർ പ്ലേറ്റുകൾ നൽകി കബളിപ്പിക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അംഗീകൃത സംവിധാനം വഴി മാത്രം നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷിക്കണം. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 2023 നവംബർ 17നകം പഴയ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റണമെന്ന് കർണാടക ഗതാഗത വകുപ്പ് ആഗസ്റ്റ് 17ന് ഉത്തരവിറക്കിയിരുന്നു. നിർദേശം ലംഘിക്കുന്ന വാഹന ഉടമകളിൽനിന്ന് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴയീടാക്കും.എന്നാൽ, രണ്ടു കോടി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മാറ്റാൻ മൂന്നു മാസം എന്നത് കുറഞ്ഞ സമയമാണെന്നും ഇത് വ്യാജ നമ്പർപ്ലേറ്റുകൾ നൽകി ജനങ്ങളെ പലരും കബളിപ്പിക്കുന്നതിന് ഇടയാക്കുമെന്നും എൻ.ആർ.എസ്.സി ചൂണ്ടിക്കാട്ടി.
ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റുകള്‍ക്ക് സ്ഥിരമായ ഐഡന്റിഫിക്കേഷന്‍ നമ്പറും ഹോളോഗ്രാമും ഉള്‍പ്പെടെയുള്ള സവിശേഷതകളുണ്ട്. വാഹനങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്ന അംഗീകൃത ഡീലര്‍മാരും നിർമാതാക്കളും വാഹന്‍ പോര്‍ട്ടലില്‍ ലേസര്‍ കോഡിങ് അപ്ഡേറ്റ് ചെയ്യണം. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ (ഗതാഗത വാഹനങ്ങള്‍ക്ക്), അല്ലെങ്കില്‍ റോഡ് ടാക്സ് എന്നിവ കാലഹരണപ്പെട്ട വാഹനങ്ങള്‍ എന്നിവക്ക് നൂതന നമ്പർ പ്ലേറ്റ് അനുവദിക്കില്ല.
പഴയ നമ്പർ പ്ലേറ്റുകൾ എങ്ങനെ മാറ്റാം?
1. വാഹന നിർമാതാക്കളുടെ അംഗീകൃത ഡീലർമാർ വഴിയാണ് പഴയ നമ്പർ പ്ലേറ്റുകൾ എച്ച്.എസ്.ആർ.പിയിലേക്ക് മാറ്റേണ്ടത്.
2. www.siam.in വെബ്സൈറ്റ് വഴി വാഹന ഉടമകൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റിനായി അപേക്ഷിക്കാം.
3. ഡീലർ ലൊക്കേഷൻ, സൗകര്യപ്രദമായ തീയതി, സമയം എന്നിവ തിരഞ്ഞെടുക്കാം.
4. എച്ച്.എസ്.ആർ.പിക്കുള്ള ഫീസ് ഓൺലൈനായി അടക്കണം.
5. കർണാടകയിൽ 4000ത്തോളം അംഗീകൃത ഡീലർമാരുണ്ട്.
6. ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറർ അംഗീകരിച്ച എച്ച്.എസ്.ആർ.പി നിർമാതാക്കൾ അംഗീകൃത ഡീലർമാർക്ക് നെയിംബോർഡ് കൈമാറും.
വാഹന ഉടമകളുടെ വീട്ടിലോ ജോലിസ്ഥലത്തോ വന്ന് എച്ച്.എസ്.ആർ.പി സ്ഥാപിക്കാം. ഇതിന് സംസ്ഥാനമോട്ടോർവാഹന വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
ഓപൺ മാർക്കറ്റിൽനിന്ന് എച്ച്.എസ്.ആർ.പി വാങ്ങാതിരിക്കുക. അവ അനധികൃതമായാണ് പരിഗണിക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.