എച്ച്.എസ്.ആർ.പി; തൽക്കാലത്തേക്ക് പിഴയീടാക്കില്ല
text_fieldsബംഗളൂരു: 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിലേക്ക് മാറ്റാത്ത വാഹനമുടമകൾക്കെതിരെ തൽക്കാലം നടപടിയുണ്ടാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. സെപ്റ്റംബർ 16 മുതൽ എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റിലേക്ക് മാറാത്ത വാഹനങ്ങൾക്ക് 500 രൂപയും ആവർത്തിച്ചാൽ 1000 രൂപയും പിഴയീടാക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. വിഷയം കോടതിയുടെ പരിഗണനയിലായതു കൊണ്ടാണ് നടപടിയെടുക്കാത്തതെന്നും സെപ്റ്റംബർ 18ന് കോടതിയിൽ നിന്നുണ്ടാകുന്ന നിർദേശത്തിനനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എച്ച്.എസ്.ആർ.പിയിലേക്ക് മാറാനുള്ള സമയപരിധി നീട്ടണമോയെന്ന കാര്യത്തിലും അതിനുശേഷം തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു. 2023 ആഗസ്റ്റിലാണ് എച്ച്.എസ്.ആർ.പി ഘടിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്.
ഇതുവരെയായി നാല് തവണയാണ് സമയപരിധി നീട്ടിയത്. 2019 ഏപ്രിൽ ഒന്നിനു ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകളാണുള്ളത്. ഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ 2019 ഏപ്രിൽ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്ത രണ്ടു കോടി വാഹനങ്ങളിൽ 52 ലക്ഷം വാഹനങ്ങൾ മാത്രമാണ് എച്ച്.എസ്.ആർ.പിയിലേക്ക് മാറിയിട്ടുള്ളത്. പഴയ വാഹനങ്ങളിൽ എച്ച്.എസ്.ആർ.പി ഘടിപ്പിക്കാനുള്ള അനുമതി വാഹന നിർമാതാക്കൾക്ക് മാത്രമായി ചുരുക്കിയ ഗവൺമെന്റ് ഉത്തരവിനെതിരെ എച്ച്.എസ്.ആർ.പി നിർമാതാക്കളുടെ അസോസിയേഷൻ നൽകിയ ഹരജിയിലാണ് കോടതിയിൽ വാദം നടക്കുന്നത്. അപ്രൂവൽ സർട്ടിഫിക്കറ്റുള്ള നിർമാതാക്കൾക്ക് പഴയ വാഹനങ്ങളിൽ എച്ച്.എസ്.ആർ.പി ഘടിപ്പിക്കാനുള്ള അനുമതി നൽകണമെന്നാണ് അസോസിയേഷന്റെ വാദം. എച്ച്.എസ്.ആർ.പി ഘടിപ്പിക്കാനുള്ള അനുമതി വാഹന നിർമാതാക്കൾക്കു മാത്രമായി ചുരുക്കിയതിലൂടെ വാഹനനിർമാതാക്കളുമായി നേരത്തേ കരാറിലെത്തിയ കമ്പനികൾക്ക് മാത്രമായി അനുകൂല സാഹചര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അസോസിയേഷൻ വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.