റോഡുപണികൾക്ക് ഹൈവേ അതോറിറ്റി മേൽനോട്ടം വഹിക്കണം - കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ബി.ബി.എം.പി നടത്തുന്ന റോഡ് അറ്റകുറ്റപ്പണികൾ നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) പരിശോധിക്കുകയും മേൽനോട്ടം വഹിക്കുകയും വേണമെന്ന് ഹൈകോടതി. ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെയുടെ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്. ബി.ബി.എം.പി ബംഗളൂരു നഗരത്തിൽ നടത്തുന്ന റോഡുപണികൾ തൃപ്തികരമാണോ എന്നും മാനദണ്ഡപ്രകാരമാണോ പണികൾ നടക്കുന്നതെന്ന് വിലയിരുത്തണമെന്നും നാഷനൽ ഹൈവേ അതോറിറ്റിയോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
വിജയ് മേനോൻ എന്നയാൾ 2015ൽ നൽകിയ പൊതുതാൽപര്യഹരജി പരഗണിക്കവേയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. റോഡിന്‍റെ ശോച്യാവസ്ഥയെക്കുറിച്ചും റോഡുപണികൾ സംബന്ധിച്ചും പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ കോടതി നിർദേശം നൽകണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. സമാനമായ സാഹചര്യങ്ങളിൽ കോടതികൾ നൽകിയ ഉത്തരവുകൾ സംബന്ധിച്ച് ഹൈകോടതി ആരാഞ്ഞു.
എന്നാൽ, ആ ഉത്തരവുകളെല്ലാം കടലാസിൽ മാത്രം കിടക്കുകയാണെന്നും ഹൈകോടതി വിലയിരുത്തി. പൊതുതാൽപര്യ ഹരജി നൽകിയിട്ട് ആറുവർഷം കഴിയുമ്പോൾ നഗരത്തിലെ റോഡുകളുടെ അവസ്ഥ ദയനീയമായി തുടരുകയാണ്. ഇതിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നഗരത്തിലെ ജനങ്ങളാണ്. ജനങ്ങളുടെ ജീവൻവരെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് റോഡിന്‍റെ തകർച്ച മാറിയിട്ടുണ്ട്. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ നൽകിയിരിക്കുന്നത് സ്വകാര്യ കരാറുകാർക്കാണെന്ന് കോടതിക്കുമുന്നിൽ എത്തിയ രേഖകൾ തെളിയിക്കുകയാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.