റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി
text_fieldsബംഗളൂരു: റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ മുസ്ലിം ഉദ്യോഗാർഥികൾക്ക് ഹിജാബ് ധരിക്കാന്‍ കർണാടക സർക്കാർ അനുമതി നൽകി.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകറും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. ഈമാസം 28, 29 തീയതികളിൽ നിരവധി സർക്കാർ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് പരീക്ഷകൾ നടക്കാനിരിക്കുകയാണ്. നീറ്റ് പ്രവേശന പരീക്ഷയിലും ഹിജാബ് അനുവദനീയമാണ്. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സംഘ്പരിവാർ അനുകൂല സംഘടനകള്‍, പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
ഹിജാബ് ധരിച്ച വിദ്യാർഥികൾ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. മറ്റൊരാളുടെ അവകാശങ്ങൾ ഹനിക്കാൻ കഴിയില്ലെന്നും മതേതര രാജ്യമായ ഇന്ത്യയിൽ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി എം.സി. സുധാകർ പറഞ്ഞു.
ബി.ജെ.പി ഭരണകാലത്ത് രണ്ടു വർഷങ്ങളിലും കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) പരീക്ഷകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയിരുന്നു. കര്‍ണാടകയില്‍ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഹിജാബ് നിരോധനം നീക്കൽ. 2022 ജനുവരിയിൽ ഹിജാബ് ധരിച്ച ആറു വിദ്യാർഥിനികളെ ഉഡുപ്പി ഗവ. പി.യു കോളജിൽ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർഥിനികൾ നൽകിയ ഹരജി കർണാടക ഹൈകോടതി തള്ളി. ഇതോടെ യൂനിഫോം നിർബന്ധമാക്കിയ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ഹിജാബ് നിരോധിക്കപ്പെട്ടു.
കേസ് ഇപ്പോൾ സുപ്രീംകോടതിയിൽ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.
ഇപ്പോൾ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ മാത്രമാണ് ഹിജാബ് ധരിക്കാൻ അനുവാദമുള്ളൂവെങ്കിലും ഘട്ടംഘട്ടമായി സ്കൂളുകളിലും കോളജുകളിലും ഹിജാബ് അനുവദനീയമാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.