ജ്യോതിരാജ് കരിഞ്ചപാറ കയറി; ശ്വാസമടക്കി കാഴ്ചക്കാർ
text_fieldsജ്യോതി രാജ് പാറമല കയറുന്നു
മംഗളൂരു: കർണാടകയിലെ ‘സ്പൈഡർ മാൻ’ എന്നറിയപ്പെടുന്ന പർവതാരോഹകൻ ജ്യോതിരാജ് എന്ന കോതിരാജ, ബണ്ട്വാൾ താലൂക്കിലെ കൂറ്റൻ കരിഞ്ചപാറയിൽ കയറി കാഴ്ചക്കാരുടെ മനം കവർന്നു.
കർണാടകയിലെ ഏറ്റവും പഴക്കംചെന്ന ശിവക്ഷേത്രങ്ങളിലൊന്നായ കരിഞ്ച ക്ഷേത്രം സമുദ്രനിരപ്പിൽനിന്ന് 1200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രംതന്നെ 800 അടി ഉയരത്തിൽ ഒറ്റപ്പാറയുടെ മുകളിലാണ് സ്ഥിതിചെയ്യുന്നത്.
ഭീമാകാരമായ പാറക്കെട്ടുകളാലും ഇടതൂർന്ന കൊഡ്യമലെ വനത്താലും ചുറ്റപ്പെട്ട ഈ സ്ഥലം ട്രക്കിങ്ങുകൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
ഉയർന്ന പാറ കീഴടക്കാൻ ദൃഢനിശ്ചയത്തോടെ ക്ഷേത്രത്തിന്റെ പിൻഭാഗത്തുനിന്ന് ജ്യോതിരാജ് കയറ്റം ആരംഭിച്ചു. തുടക്കത്തിൽ താങ്ങിനായി കയർ ഉപയോഗിച്ചെങ്കിലും താമസിയാതെ വെറും കൈകൾകൊണ്ട് കയറാൻ തുടങ്ങി. ആൾക്കൂട്ടം ശ്വാസമടക്കി കാഴ്ചക്കാരായി.
ജ്യോതിരാജ്
രാവിലെ 10 മണിക്ക് ആരംഭിച്ച കയറ്റം 30 മിനിറ്റിനുള്ളിൽ കൊടുമുടിയിലെത്തി. അനായാസ ചടുലതയോടെ 350 മീറ്റർ ഉയരം താണ്ടി. കത്തുന്ന സൂര്യനും ചുട്ടുപൊള്ളുന്ന പാറയും അതിജീവിച്ചാണ് അസാധാരണ നേട്ടം കൈവരിച്ചത്.ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാളിൽ ജ്യോതിരാജിന്റെ ആദ്യത്തെ സാഹസിക പ്രകടനമായിരുന്നു ഇത്.
അനാഥ കുട്ടികളെ സാഹസിക കായിക വിനോദങ്ങളിൽ പരിശീലിപ്പിക്കുന്നതിനായി സമർപ്പിച്ച ഒരു ക്ലൈംബിങ് ഫൗണ്ടേഷനും ഒരു സ്പോർട്സ് ക്ലബും സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ജ്യോതി രാജ് പറഞ്ഞു. കർണാടകയിലുടനീളം സാഹസിക പ്രകടനങ്ങൾ നടത്തി സ്പോർട്സ് ക്ലബിനായി ഫണ്ട് സ്വരൂപിക്കുന്നു. തന്റെ കഴിവുകളെ അന്താരാഷ്ട്ര വേദിയിലേക്ക് കൊണ്ടുപോകാനും ആഗ്രഹിക്കുന്നു. സാഹസിക കായിക വിനോദങ്ങളിൽ ഇന്ത്യയുടെ കഴിവ് പ്രകടിപ്പിച്ച് യു.എസ്.എയിലെ ഐക്കണിക് ഏഞ്ചൽ വെള്ളച്ചാട്ടം കീഴടക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.