ഹിന്ദുത്വ വിമർശനം: നടൻ ചേതന്റെ ഒ.സി.ഐ പദവി കേന്ദ്രം റദ്ദാക്കി
text_fieldsബംഗളൂരു: തീവ്ര ഹിന്ദുത്വത്തിനെതിരായ വിമർശനങ്ങളുടെ പേരിൽ കന്നട നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ കുമാർ എന്ന ചേതൻ അഹിംസയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) പദവി കേന്ദ്ര സർക്കാർ റദ്ദാക്കി.
വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് ഇന്ത്യയിൽ സ്ഥിരമായി ജോലിചെയ്യാനും താമസിക്കാനുമുള്ള അനുമതിയാണ് ഒ.സി.ഐ പദവി. 15 ദിവസത്തിനകം ഇത് തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചേതന് കത്തുനൽകി. മാർച്ച് 28 തീയതിയിലുള്ള കത്ത് ഏപ്രിൽ 14 നാണ് ചേതന് ലഭിച്ചത്. ഹിജാബ് കേസുമായി ബന്ധപ്പെട്ട് കർണാടക ഹൈകോടതി ജഡ്ജിക്കെതിരായ പരാമർശം ചൂണ്ടിക്കാട്ടി 2022 ജൂണിൽ ചേതന് ഫോറിൻ റീജനൽ രജിസ്ട്രേഷൻ ഓഫിസ് (എഫ്.ആർ.ആർ.ഒ) കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വർഷങ്ങളായി താൻ ഇന്ത്യയിൽ കഴിയുകയാണെന്നും സിനിമ പ്രവർത്തനവും സാമൂഹിക പ്രവർത്തനവുമാണ് തന്റെ മേഖലയെന്നും ഇന്ത്യൻ പൗരിയെയാണ് വിവാഹം കഴിച്ചതെന്നും ചേതൻ മറുപടി നൽകി. എന്നാൽ, മറുപടി തൃപ്തികരമല്ലെന്നും ജഡ്ജിക്കെതിരായ അപകീർത്തികരമായ പരാമർശത്തിന്റെയും ദേശദ്രോഹ പ്രവർത്തനങ്ങളുടെയും പേരിൽ ഒ.സി.ഐ പദവി റദ്ദാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
യു.എസിലെ ഷികാഗോയിൽ ഇന്ത്യൻ ദമ്പതികളുടെ മകനായി ജനിച്ച ചേതൻ അമേരിക്കൻ പൗരനാണ്. 2018ലാണ് ഒ.സി.ഐ പദവി ലഭിച്ചത്. സർക്കാറിനെ വിമർശിക്കുന്നവരെ ഭയപ്പെടുത്താനും അവർക്ക് മുന്നറിയിപ്പായുമാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പ്രതികരിച്ചു. 2021 ജൂണിൽ ബ്രാഹ്മണിസത്തിനെതിരായ താൻ പരാമർശം നടത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സമൂഹത്തിൽ ജാതിവ്യവസ്ഥയുടെ അടിവേര് ബ്രാഹ്മണിസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. താൻ ബ്രാഹ്മണ സമുദായത്തിന് എതിരല്ലെന്നും ബ്രാഹ്മണിസത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ വിദേശ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് എഫ്.ആർ.ആർ.ഒക്ക് കത്തയച്ചിരുന്നു.
ഹിജാബ് കേസ് പരിഗണിച്ച കർണാടക ഹൈകോടതി ജഡ്ജി കൃഷ്ണ എസ്. ദീക്ഷിത്തിനെതിരായ പരാമർശത്തിന്റെ പേരിൽ 2022 ഫെബ്രുവരിയിലും ‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ’ എന്ന ട്വീറ്റിന്റെ പേരിൽ കഴിഞ്ഞ മാർച്ച് 21നും ചേതനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.