പത്താൻ സിനിമക്കെതിരെ കർണാടകയിൽ ഹിന്ദുത്വസംഘടനകളുടെ പ്രതിഷേധം
text_fieldsബംഗളൂരു: ഷാരൂഖ് ഖാൻ ചിത്രമായ ‘പത്താൻ’ സംസ്ഥാനത്തെ തിയറ്ററുകളിൽ റിലീസ് ചെയ്തതിനെതിരെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ വിശ്വഹിന്ദുപരിഷത്തിന്‍റെ നേതൃത്വത്തിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ബംഗളൂരുവിൽ സിനിമയുടെ പോസ്റ്ററുകൾ കത്തിച്ചു. ബെളഗാവി ജില്ലയിൽ സിനിമയിലെ നായകനായ ഷാരൂഖിന്‍റെയും നായികയായ ദീപിക പദുകോണിന്റെയും ബോർഡുകൾ നശിപ്പിച്ചു.
നഗരത്തിലെ സ്വരൂപ, നർത്തകി എന്നീ തിയറ്റുകളിലേക്ക് ഇരച്ചെത്തിയ ഹിന്ദുത്വപ്രവർത്തകർ പോസ്റ്ററുകൾ കീറി. സിനിമ റീലിസിങ്ങിനെതിരെ മുദ്രാവാക്യമുയർത്തിയ അവർ ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. തിയറ്ററുകളുടെ പരിസരങ്ങളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ബെളഗാവിയിലെ ഖാദി ബസാർ പൊലീസ് 30 പേർക്കെതിരെ കേസെടുത്തു. ചിലരെ അറസ്റ്റ് ചെയ്തു. തിയറ്ററുകൾക്ക് മുന്നിൽ കർണാടക റിസർവ് പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്തത് അപലപിച്ച ബെളഗാവി സൗത് നിയോജകമണ്ഡലം ബി.ജെ.പി എം.എൽ.എ അഭയ് പാട്ടീൽ ചിത്രം തുടർന്ന് പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇത്തരം സിനിമകൾ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്നും സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും സ്ത്രീകളടക്കം ചിത്രത്തെ എതിർക്കുകയാണെന്നും പ്രതിഷേധത്തിന്‍റെ തുടക്കം മാത്രമാണ് ബുധനാഴ്ച നടന്നതെന്നും എം.എൽ.എ പറഞ്ഞു.
കർണാടകയിലെ ഗുൽബർഗയിലും ഹിന്ദുത്വ വാദികൾ സിനിമക്കെതിരെ രംഗത്തെത്തി. ചിത്രം പ്രദർശിപ്പിക്കുന്ന ‘ഷെട്ടി സിനിമാസി’ന് നേരെ കല്ലേറുണ്ടായി. കർണാടകയിലുടനീളം ‘പത്താൻ’ ബുധനാഴ്ച റിലീസ് ചെയ്തു. ബെളഗാവി ഒഴികെ ബംഗളൂരുവിലടക്കം തടസ്സമില്ലാതെ പ്രദർശനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.