എച്ച്.എം.പി.വി: പരിഭ്രാന്തി വേണ്ട; കരുതലാകാം
text_fieldsബംഗളൂരു: രാജ്യത്തെ ആദ്യ എച്ച്.എം.പി.വി (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) കേസ് ബംഗളൂരുവിൽ സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമത്തെ കേസും ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതോടെ ജനം ആശങ്കയിൽ.
എന്നാൽ, പരിഭ്രാന്തിയുടെ കാര്യമില്ലെന്നും എച്ച്.എം.പി.വി കോവിഡ് -19 പോലെ പകരില്ലെന്നും വ്യക്തമാക്കിയ കർണാടക ആരോഗ്യവകുപ്പ് ജനങ്ങളോട് ആൾക്കൂട്ടത്തിൽ കരുതലോടെ പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ചു. ബംഗളൂരു ഹെബ്ബാളിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനും ചികിത്സ പൂർത്തിയാക്കി മടങ്ങിയ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശ പ്രകാരം, ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ യോഗം അടിയന്തരമായി ചേർന്നാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. രോഗം പടരുന്നത് തടയാൻ ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദേശിച്ചു. വൈറസ് പടരുന്നത് തടയാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുക, സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുക, രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.
ടിഷ്യൂ പേപ്പറുകളോ തൂവാലകളോ വീണ്ടും ഉപയോഗിക്കരുതെന്നും തൂവാലകളും ലിനനും പങ്കിടരുതെന്നും പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. എച്ച്.എം.പി.വി ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം വൈറസാണ്. സാധാരണ പനിപോലെ അനുഭവപ്പെടുന്ന ഈ വൈറസ് ബാധയിൽ ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ എന്നിവരിൽ ഇത് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയയിലേക്ക് നയിച്ചേക്കാം.
ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് രോഗിയിൽനിന്ന് എച്ച്.എം.പി.വി മറ്റുള്ളവരിലേക്ക് പകരുക. വ്യക്തി സമ്പർക്കത്തിലൂടെയും വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിച്ചതിനെതുടർന്ന് വായിലോ മൂക്കിലോ കണ്ണിലോ സ്പർശിക്കുന്നതിലൂടെയും ഈ വൈറസ് പടരും. ബംഗളൂരുവിലെ തണുത്ത കാലാവസ്ഥ രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.
കോവിഡ് കാലത്തെന്നപോലെ രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മുറിയിൽ മതിയായ വായു സഞ്ചാരം ഉറപ്പുവരുത്തുക, നന്നായി വെള്ളം കുടിക്കുക, പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നിവയും പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.