മുന്തിരിയും തണ്ണിമത്തനും ഇഷ്ടം പോലെ, മധുരമൂറും മേള തുടങ്ങി
text_fieldsബംഗളൂരു: ഉന്നത ഗുണമേന്മയുള്ള വിവിധയിനം മുന്തിരികളും തണ്ണിമത്തനും വാങ്ങാൻ ഇത് നല്ല അവസരം. ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോഓപറേറ്റിവ് മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി (ഹോപ്കോംസ്) ബംഗളൂരുവിലെ ഔട്ട്ലെറ്റുകളിൽ തുടങ്ങിയ പ്രത്യേക മേളയിലാണ് വൻ വിലക്കിഴിവിൽ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും ലഭ്യമാക്കിയിരിക്കുന്നത്.
മാർച്ച് 21 വരെ നടക്കുന്ന പ്രത്യേക പ്രദർശന വിപണനമേളയിൽ പത്ത് ശതമാനമാണ് വിലക്കിഴിവ്. ലാൽബാഗിലെ ഹോപ്കോംസ് ആസ്ഥാനത്ത് തുടങ്ങിയ മേളയിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ബംഗളൂരു ബ്ലു, കൃഷ്ണ ശാരദ്, സൂപ്പർ സൊനാക്ക്, ജംബോ ശരാദ്, ഇന്ത്യൻ റെഡ് ഗ്ലോബ്, ആസ്ട്രേലിയ റെഡ് ഗ്ലോബ് തുടങ്ങിയ 11 തരം മുന്തിരികൾ ലഭ്യമാണ്.
വിജയപുര, ബാഗൽകോട്ട്, കൊപ്പൽ ജില്ലകളിൽ നിന്നുള്ള മുന്തിരികൾ ഔട്ട്ലെറ്റുകളിൽ സുലഭമാണ്. ഈ സീസണിൽ 500 മെട്രിക് ടൺ മുന്തിരി വിൽക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹോപ്കോംസ് ജീവനക്കാർ പറയുന്നു. കിരൺ, നംധരി, യെല്ലോ വാട്ടർമെലൺ എന്നീ മൂന്നിനം തണ്ണിമത്തനാണ് വിൽപനക്കുള്ളത്. ആയിരം മെട്രിക് ടൺ വരെ വിൽപന നടത്തുകയാണ് ലക്ഷ്യം. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പഴങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാനുമാണ് ഇത്തരത്തിൽ വാർഷിക മേളകൾ നടത്തുന്നതെന്ന് ഹോപ്കോംസ് പ്രസിഡന്റ് എൻ. ദേവരാജു പറഞ്ഞു. മുന്തിരിയും തണ്ണിമത്തനും ശീതീകരണ സംവിധാനങ്ങളിലാണ് സൂക്ഷിക്കുന്നത്.
ഇതിനാൽ മികച്ച ഗുണനിലവാരമുള്ളവ വാങ്ങാനാകും. ചിക്പേട്ട് എം.എൽ.എ ഉദയ് ബി. ഗുരുദചാർ മേള ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ മന്ത്രി മുനിരത്ന പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.