ഇടിച്ചുനിരത്തിയത് ആധാർ, റേഷൻ കാർഡുകളുള്ള ദമ്പതികളുടെ വീട്
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ കഡബ കപിനബാഗിലുവിൽ ബുധനാഴ്ച റവന്യൂ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ വീട്ടിൽ താമസിച്ച വൃദ്ധ ദമ്പതികൾക്ക് ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐ.ഡിയുമുള്ളതായി കണ്ടെത്തി. ഓലമേഞ്ഞ വീട് വൈദ്യുതീകരിക്കുകയും ചെയ്തിരുന്നു.
സർക്കാർ പുറമ്പോക്കിൽ അനധികൃതമായി വീട് പണിതതിനെതിരെ പരിസരവാസി നൽകിയ പരാതിയിൽ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് മുത്തു സ്വാമി (65), ഭാര്യ രാധമ്മ(60) എന്നിവരുടെ വീട് മുന്നറിയിപ്പില്ലാതെ തകർത്തിരുന്നത്.
ചിത്രദുർഗ സ്വദേശികളായ ദമ്പതികൾ ഈ വീട്ടിൽ താമസിച്ച് കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. കറവപ്പശുവിനെയും വളർത്തിയിരുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ ഒഴിഞ്ഞു കിടന്ന സ്ഥലത്ത് പാർപ്പിടം ഒരുക്കാനുള്ള തുണ്ട് ഭൂമി പ്രദേശവാസിക്ക് 50,000 രൂപ നൽകിയാണ് ആറുവർഷം മുമ്പ് വാങ്ങിയതെന്ന് മുത്തുസ്വാമി പറഞ്ഞു.
വീട് പണിയാൻ നാട്ടുകാരിൽ ചിലർ സഹായിച്ചിരുന്നു. എന്നാൽ, അനധികൃത നിർമാണത്തിനും താമസത്തിനുമെതിരെ ബെൽത്തങ്ങാടി സ്വദേശി അശോക് ആചാര്യ എന്നയാൾ കർണാടക ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തു.
വീട് പൊളിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വീട് പൊളിക്കാനുള്ള നീക്കം നാട്ടുകാരുടെ എതിർപ്പ് കാരണം നടന്നില്ല. ബുധനാഴ്ച ഉപ്പിനങ്ങാടി സ്റ്റേഷനിൽ നിന്നുള്ള കനത്ത പൊലീസ് അകമ്പടിയിൽ ബുൾഡോസറുമായി എത്തിയ കഡബ തഹസിൽദാർ പ്രഭാകർ ഖജോരെ, റവന്യൂ ഇൻസ്പെക്ടർ പൃഥ്വിരാജ്, കഡബ താലൂക്ക് പഞ്ചായത്ത് സി.ഇ.ഒ നവീൻ ഭണ്ഡാരി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വീട് തകർക്കുകയായിരുന്നു. ഹൈകോടതി വിധിയിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് തഹസിൽദാർ മുഖേന ദമ്പതികൾ രാഷ്ട്രപതിക്ക് ദയാഹരജി സമർപ്പിച്ചിരുന്നതായി നീതി വേദി പ്രസിഡന്റ് ടി.ജയന്ത്, കെ.ആർ.എസ് നേതാവ് വേണുഗോപാൽ എന്നിവർ പറഞ്ഞു. ഉപരോധിക്കാനുള്ള പഴുതടച്ചാണ് അധികൃതർ ഓപറേഷൻ ആസൂത്രണം ചെയ്തതെന്ന് ഇരുവരും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.