ശ്രദ്ധാകേന്ദ്രമായി ഹുബ്ബള്ളി; ഷെട്ടാറിന് മറുപണിയുമായി ബി.ജെ.പി
text_fieldsകർണാടക തെരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ധാർവാർഡ് ജില്ലയിലെ ഹുബ്ബള്ളി-ധാർവാർഡ് സെൻട്രൽ. കാലങ്ങളായി ബി.ജെ.പിയുടെ കുത്തകസീറ്റ്. മുൻമുഖ്യമന്ത്രിയും പ്രമുഖ ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാർ സിറ്റിങ് എം.എൽ.എ. ഇത്തവണ സീറ്റ് കിട്ടാത്തതിനാൽ അവസാനനിമിഷം ഷെട്ടാർ മറുകണ്ടം ചാടി കോൺഗ്രസ് സ്ഥാനാർഥിയായി. മഹേഷ് തെങ്കിൻകൈയാണ് കാവിപാർട്ടിക്കായി രംഗത്തുള്ളത്. കഴിഞ്ഞ തവണ 10,754 വോട്ടുനേടിയ ജെ.ഡി.എസിനായി സിദ്ദ ലിംഗേഷ് ഗൗഡയാണ് ജനവിധി തേടുന്നത്. സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ മിടുക്കിൽ ഷെട്ടാറിനെ പാർട്ടിയിൽ എത്തിക്കാനായത് സംസ്ഥാനത്താകെ കോൺഗ്രസിന് വൻ ആത്മവിശ്വാസമാണ് നൽകിയത്. മുൻമുഖ്യമന്ത്രിയുടെ കരുത്തിൽ ഹുബ്ബള്ളി പിടിക്കൽ കോൺഗ്രസിന് അഭിമാനപ്രശ്നമാണ്.
ഷെട്ടാർ പോയതുകൊണ്ട് ഒരു ചുക്കുമില്ലെന്ന് പാർട്ടി പറയുന്നുണ്ടെങ്കിലും അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി മറുതന്ത്രങ്ങൾ മെനയുകയാണ്. ഷെട്ടാറിനെ തോൽപിക്കുമെന്ന് ചോരയിൽ മുക്കി താൻ എഴുതിവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം യെദിയൂരപ്പയാണ് പറഞ്ഞത്. ഷെട്ടാറിനൊപ്പം പാർട്ടി വിട്ടവരെയും മണ്ഡലത്തിലെ പ്രധാന കോൺഗ്രസ് നേതാക്കളെയും പാർട്ടിയിൽ എത്തിച്ച് ബി.ജെ.പിയുടെ രഹസ്യഓപറേഷൻ തുടരുകയാണ്.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ കണ്ണിലുണ്ണിയെന്നാണ് മഹേഷ് തെങ്കിൻകൈ അറിയപ്പെടുന്നത്. ലിംഗായത്ത് നേതാക്കളെ പുറത്താക്കുകയെന്ന ബി.എൽ. സന്തോഷിന്റെ നീക്കത്തിന്റെ ഇരയാണ് താനെന്നാണ് ഷെട്ടാർ ആരോപിക്കുന്നതും.
1989ലാണ് മണ്ഡലത്തിൽ കോൺഗ്രസ് അവസാനമായി ജയിച്ചത്. ഹുബ്ബള്ളി ഈദ്ഗാഹ് വിവാദത്തിലൂടെ വർഗീയത ഇളക്കിയാണ് ബി.ജെ.പി പ്രധാന ശക്തിയായി വളർന്നത്. ആറുതവണ എം.എൽ.എയായ ഷെട്ടാറിന് ജനങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. 70,000 ലിംഗായത്തുകളും 30,000 മുസ്‍ലിംകളും 36000 പട്ടിക ജാതി-പട്ടിക വർഗക്കാരും 14000 ക്രൈസ്തവരുമാണ് മണ്ഡലത്തിലുളളത്. ലിംഗായത്തുകളുടെ ശക്തികേന്ദ്രമായ ഹുബ്ബള്ളി ഷെട്ടാറിലൂടെ പിടിക്കാനാകുമെന്നാണ് കോൺഗ്രസ് ഉറച്ചുവിശ്വസിക്കുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ കോൺഗ്രസിന് ഉണ്ടായിരുന്ന അനുകൂല സാഹചര്യം പതിയെ മാറുകയാണെന്നും അവസാന ദിവസങ്ങളിലെ സാഹചര്യങ്ങൾ വിധി നിർണയിക്കുമെന്നുമാണ് മണ്ഡലയാത്ര നൽകുന്ന സൂചനകൾ. ആകെ ഏഴ് മണ്ഡലങ്ങളാണ് ധാർവാർഡ് ജില്ലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.