അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ മോദി നിശബ്ദൻ -ഖാർഗെ
text_fieldsബംഗളൂരു: രാജ്യത്ത് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിലെ അതിക്രമങ്ങളിലും സ്ത്രീകൾക്കും ദലിതർക്കുമെതിരായ കൈയേറ്റങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ശബ്ദത പാലിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എ.ഐ.സി.സി അധ്യക്ഷ പദവിയിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കർണാടകയിലെത്തിയ ഖാർഗെക്ക് കർണാടക കോൺഗ്രസ് ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നാണ്യപ്പെരുപ്പം കൂടുകയും രൂപ കൂപ്പുകുത്തുകയും ചെയ്യുന്നു. എന്നാൽ, മോദി നിശ്ശബ്ദനാണ്. ഏതെങ്കിലും ലോക്കൽ ട്രെയിനിന് പച്ചക്കൊടി കാട്ടുന്നതടക്കം എല്ലാ ചെറിയ പരിപാടികളുടെ പോലും ക്രെഡിറ്റ് നേടിയെടുക്കാനാണ് മോദിയുടെ ശ്രമം. രണ്ടു കോടി രൂപ ചെലവിൽ ഗുജറാത്തിലെ മോർബിയിൽ അറ്റകുറ്റപ്പണി നടത്തിയ തൂക്കുപാലത്തിന്റെ ക്രെഡിറ്റും മോദി ആഗ്രഹിച്ചിരുന്നു. എന്നാൽ, അഞ്ചു ദിവസത്തിനുള്ളിൽ പാലം തകർന്ന് 138 പേർ മരിച്ചത് അദ്ദേഹത്തിന്റെ കൈപ്പുണ്യം കൊണ്ടാണോ എന്ന് തനിക്കറിയില്ലെന്നും ഖാർഗെ പരിഹസിച്ചു. സർവോദയ സമാവേശ എന്ന പേരിൽ ബംഗളൂരു പാലസ് മൈതാനിയിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിചേർന്നു.
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാലം തകർന്നപ്പോൾ അത് 'ദൈവത്തിന്റെ പ്രവൃത്തി'യാണെന്നും ജനങ്ങൾ ചിന്തിക്കേണ്ട സമയമായെന്നും പറഞ്ഞിരുന്നു. ഇപ്പോൾ മോർബിയിലെ പാലം നശിപ്പിച്ചതാരാണെന്ന് ഖാർഗെ മോദിയെ ഉന്നംവെച്ച് ചോദിച്ചു. കോൺഗ്രസ് രാജ്യത്തെ നശിപ്പിച്ചെന്നാണ് ബി.ജെ.പി നിരന്തരം പറയാറുള്ളത്. എന്നാൽ ഞങ്ങളല്ല; ബി.ജെ.പിയാണ് രാജ്യത്തെ നശിപ്പിക്കുന്നത്. സത്യത്തിനുവേണ്ടി പോരാടുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ സത്യത്തിന്റെ ഭാഗത്താണ്. നുണ പ്രചരിപ്പിച്ചും സമൂഹത്തെ ഭിന്നിപ്പിച്ചുമാണ് ബി.ജെ.പി നിലനിൽക്കുന്നത് -ഖാർഗെ കുറ്റപ്പെടുത്തി.
ഏതെങ്കിലും ചില ക്ഷേത്രങ്ങളിൽ പോയി മോദി പൂജ ചെയ്തതുകൊണ്ട് രാജ്യത്തെ പ്രശ്നങ്ങൾ അവസാനിക്കില്ല. അവർ ആരാധിച്ചോട്ടെ. അത് അവർ വീട്ടിൽ ചെയ്തോട്ടെ. എന്നാൽ, രാജ്യത്ത് വിശന്നുകിടക്കുന്നവന് ഭക്ഷണം സർക്കാർ നൽകണം. നാണ്യപ്പെരുപ്പം കുറക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ശ്രമം വേണം -ഖാർഗെ പറഞ്ഞു.
മാധ്യമങ്ങൾ കോൺഗ്രസിനൊപ്പമില്ലെന്നും കോൺഗ്രസ് പ്രവർത്തകർ വീടുകൾതോറും കയറിയിറങ്ങി പ്രചാരണം നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെ വാല എന്നിവരടക്കമുള്ള നേതാക്കൾ വേദിയിൽ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.