മംഗളൂരു സ്കൂൾ പ്രശ്നം ഐ.എ.എസ് ഉദ്യോഗസ്ഥൻ അന്വേഷണമാരംഭിച്ചു
text_fieldsമംഗളൂരു: ജെറോസ ഇംഗ്ലീഷ് ഹയർ പ്രൈമറി സ്കൂൾ അധ്യാപിക ക്ലാസിൽ രാമനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിച്ചെന്ന രക്ഷിതാക്കളുടെ പരാതിയും തുടർന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാൻ
സർക്കാർ നിയോഗിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച മംഗളൂരുവിലെത്തി.ഗുൽബർഗ വിദ്യാഭ്യാസ അഡി. കമീഷണർ കെ. ആകാശിനാണ് അന്വേഷണ ചുമതല. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ വിശദാന്വേഷണം നടത്തി വൈകാതെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു.
ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള സെന്റ് ജെറോസ സ്കൂൾ അധ്യാപിക സിസ്റ്റർ പ്രഭ ഏഴാം ക്ലാസിൽ രബീന്ദ്രനാഥ് ടാഗോറിന്റെ ‘കർമമാണ് ആരാധന’ എന്ന പദ്യം പഠിപ്പിക്കുന്നതിനിടെ ശ്രീരാമനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിക്കുന്ന പരാമർശം നടത്തി എന്നാരോപിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ബി.ജെ.പി പ്രവർത്തകരോടൊപ്പം സ്കൂൾ പരിസരത്ത് എത്തിയ മണ്ഡലം എം.എൽ.എയായ വേദവ്യാസ് കാമത്ത് ഗേറ്റിന് പുറത്ത് രക്ഷിതാക്കളെയും വിദ്യാർഥികളെയും മതവികാരം ഇളക്കിവിട്ട് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ബി.ജെ.പി എം.എൽ.എക്ക് വഴങ്ങി അധ്യാപികയെ സസ്പെൻഡ് ചെയ്ത ദക്ഷിണ കന്നട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ
ഡി. രാമചന്ദ്ര നായ്കിനെ സർക്കാർ ബെളഗാവിയിലെ ഗവ. ടീച്ചേഴ്സ് കോളജിൽ അധ്യാപകനായി സ്ഥലം മാറ്റിയിരുന്നു. പകരം ദക്ഷിണ കന്നട ഡി.ഡി.പിയായി നിയമിതനായ വെങ്കിടേഷ് സുബ്രായ പടഗരയുമായി സഹകരിച്ചാണ് ആകാശ് ശങ്കർ അന്വേഷണം നടത്തുന്നത്.
വി.എച്ച്.പി, ബജ്റംഗ് ദൾ പ്രവർത്തകർ താലൂക്ക് ഓഫിസ് മാർച്ച് നടത്തി
മംഗളൂരു: സെന്റ് ജെറോസ സ്കൂൾ അധ്യാപിക സിസ്റ്റർ പ്രഭയെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി എം.എൽ.എമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചും വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ പ്രവർത്തകർ തിങ്കളാഴ്ച മംഗളൂരു താലൂക്ക് ഓഫിസ് മാർച്ച് നടത്തി. വി.എച്ച്.പി ജില്ല ജനറൽ സെക്രട്ടറി ശിവാനന്ദ മെൻഡൻ പ്രസംഗിച്ചു. മാർച്ച് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.