കോൺഗ്രസ് ജയിച്ചാൽ കർണാടകയിൽ കലാപമുണ്ടാവും -അമിത് ഷാ
text_fieldsബംഗളൂരു: കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർണാടകയിൽ കലാപമുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടക ബെളഗാവിയിലെ തെർദലിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണത്തിലേറിയാൽ കുടുംബ രാഷ്ട്രീയം ഉത്തുംഗതയിലാവും. ഇത് കർണാടകയിൽ കലാപങ്ങൾക്കാണ് വഴിവെക്കുക. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ വികസനം റിവേഴ്സ് ഗിയറിലാവും. അഴിമതി വർധിക്കും. ബി.ജെ.പിക്ക് മാത്രമാണ് പുതിയ കർണാടകയിലേക്ക് നയിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്‍ലിം സംവരണം പുനഃസ്ഥാപിക്കുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. മതാടിസ്ഥാനത്തിൽ മുസ്‍ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ബി.ജെ.പി സർക്കാർ മുസ്‍ലിം സംവരണം എടുത്തുകളഞ്ഞു. അധികാരത്തിൽ വന്നാൽ ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്‍ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് പോയ പ്രധാന നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി എന്നിവരെക്കൊണ്ട് കോൺഗ്രസിന് ഗുണമുണ്ടാവില്ല. കോൺഗ്രസ് എല്ലാ കാലത്തും ലിംഗായത്ത് സമുദായത്തെ അവഗണിച്ചവരാണ്. ദീർഘകാലം കർണാടകയിൽ കോൺഗ്രസ് ഭരിച്ചിട്ടും രണ്ട് ലിംഗായത്ത് നേതാക്കളാണ് മുഖ്യമന്ത്രിമാരായത്. എസ്. നിജലിംഗപ്പയും വീരേന്ദ്ര പാട്ടീലും. ഇരുവരെയും കോൺഗ്രസ അപമാനിച്ച് പുറത്താക്കിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജെ.ഡി-എസിന് വോട്ടു നൽകരുതെന്നും അവർക്കു നൽകുന്ന ഓരോ വോട്ടും കോൺഗ്രസിനാണ് ഫലം ചെയ്യുകയെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.