വിശ്വാസ-സൗഹൃദ വേദിയായി ഇഫ്താർ സംഗമങ്ങൾ
text_fieldsവിശ്വാസത്തിന്റെയും സൗഹാർദത്തിന്റെയും വേദിയായി റമദാനിലെ ഇഫ്താർ സംഗമങ്ങൾ. വിവിധ മസ്ജിദുകളുടെയും മലയാളി സംഘടനകളുടെയും ആഭിമുഖ്യത്തിൽ ചെറുതും വലുതുമായി ഒട്ടേറെ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചുവരുന്നു
സമസ്ത ബംഗളൂരു
ബംഗളൂരു: സമസ്തയുടെയും പോഷകസംഘടനകളുടെയും ബംഗളൂരു ഘടകം പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ആത്മാവിന്റെ ശുദ്ധീകരണമാണ് വിശുദ്ധ റമദാനിലൂടെ നാം ലക്ഷ്യമാക്കേണ്ടതെന്നും ഭൗതിക കാര്യങ്ങളോട് അമിത ഭ്രമം ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ പുണ്യമാക്കപ്പെട്ട വിശുദ്ധ റമദാൻ മാസം ആരാധനകൾകൊണ്ട് ധന്യമാക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉണർത്തി.
സംഘാടക സമിതി ചെയർമാൻ എ.കെ. അഷ്റഫ് ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സംഘാടക സമിതി വർക്കിങ് ചെയർമാൻ ലത്തീഫ് ഹാജി എന്നിവർ റമദാൻ സന്ദേശം നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ മുഹിയുദ്ദീൻ ഹുദവി പ്രഭാഷണം നടത്തി. പി.സി. ജാഫർ ഐ.എ.എസ്, ഷാഹിദ് തിരുവള്ളൂർ ഐ.ഐ.എസ്, അമീർ തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് ദേശീയ സെക്രട്ടറി അസ്ലം ഫൈസി, കർണാടക പ്രസിഡന്റ് അനീസ് കൗസരി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ. ലത്തീഫ് ഹാജി, ഇ.കെ. സിദ്ദീഖ് തങ്ങൾ മടിവാള, അബ്ദുൽ സുബ്ഹാൻ ഫാൽക്കൺ, ടി.സി. സിറാജ്, സി.എച്ച്. ഷാജൽ, കെ.കെ. സലീം തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ കെ. ജുനൈദ് സ്വാഗതവും ട്രഷറർ കെ.എച്ച്. ഫാറൂഖ് നന്ദിയും പറഞ്ഞു.
വി.സി.ഇ.ടി
ബംഗളൂരു: വിഗ്നാന ചാരിറ്റബിൾ ആൻഡ് എജുക്കേഷൻ ട്രസ്റ്റിന്റെ (വി.സി.ഇ.ടി) ആഭിമുഖ്യത്തിൽ മാറത്തഹള്ളി എഡിഫിസ് വണ്ണിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖുർആൻ സ്റ്റഡി സെന്റർ (ക്യൂ.എസ്.സി) ബംഗളൂരു വൈസ് പ്രിൻസിപ്പൽ സൈഫുദ്ദീൻ ‘ഇസ്സത്തും ഈമാനും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വി.സി.ഇ.ടി കഴിഞ്ഞ 10 വർഷമായി ബംഗളൂരുവിൽ നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. അമീൻ, ഫിറോസ്, ഷംസീർ എന്നിവർ സംസാരിച്ചു.
ബംഗളൂരു മലയാളി ക്ലബ്
ബംഗളൂരു: ബംഗളൂരു മലയാളി ക്ലബ് (ബി.എം.സി) ഒരുക്കിയ ഇഫ്താർ സംഗമം മടിവാളയിലെ ഹോട്ടലിൽ നടന്നു. മടിവാള ഇൻസ്പെക്ടർ മുഹമ്മദ്, ട്രാഫിക് ഇൻസ്പെക്ടർ മുഹമ്മദ് സിറാജ്, സെന്റ് ജോൺസ് ഹോസ്പിറ്റൽ സർജൻ ഡോ. റെജി കോശി തോമസ്, ഡോ. റിച്ച സിങ് എന്നിവർ വിശിഷ്ടാതിഥികളായി. ബി.എം.സി നേതാക്കളായ എം.ജെ. ശിഹാബ്, നിഷാദ്, സുനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.