മംഗളൂരു കോർപറേഷൻ നഗരത്തിൽ വിതരണം ചെയ്യുന്നത് മലിനജലം
text_fieldsമംഗളൂരു: ബി.ജെ.പി ഭരിക്കുന്ന മംഗളൂരു കോർപറേഷൻ നഗരത്തിൽ 50 ശതമാനം പ്രദേശങ്ങളിലും വിതരണം ചെയ്യുന്നത് ശുദ്ധീകരിക്കാത്ത വെള്ളമാണെന്ന് ആക്ഷേപം. നിജസ്ഥിതി അറിയാൻ കോർപറേഷൻ കൗൺസിലർമാരും വിദഗ്ധരും ഉൾപ്പെട്ട വസ്തുതാന്വേഷണ സമിതി രൂപവത്കരിക്കുമെന്ന് ഇവാൻ ഡിസൂസ എം.എൽ.സി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എസ്.ടി.പി പദ്ധതികളെക്കുറിച്ചും പരാതികളുണ്ട്. ഈ മാസം 17ന് മംഗളൂരുവിൽ കർണാടക ഒളിമ്പിക്സ് ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രണ്ട് വിഷയങ്ങളും സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഓരോ എസ്.ടി.പിയുടെയും അറ്റകുറ്റപ്പണികൾക്കായി മംഗളൂരു കോർപറേഷന് പ്രതിവർഷം 1.50 കോടി രൂപ അനുവദിച്ചിട്ടും സൗകര്യങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് ഡിസൂസ പറഞ്ഞു. നേത്രാവതി ഉൾപ്പെടെ കർണാടകയിലെ 13 നദികൾ മലിനമാണെന്ന് അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മംഗളൂരുവിലെ പ്രാഥമിക ജലസ്രോതസ്സായ നേത്രാവതി നദിയിൽ മാലിന്യം കലർന്നതിന് തെളിവുണ്ടായിട്ടും തിരുത്തൽ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശുദ്ധീകരിക്കാത്ത വെള്ളമാണ് താമസക്കാർക്ക് വിതരണം ചെയ്യുന്നതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പ്രാഥമികമായി ശുദ്ധീകരിച്ച വെള്ളം മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് മേയർ അവകാശപ്പെടുമ്പോൾ ഈ അവകാശവാദങ്ങൾ പരിശോധിക്കാൻ വസ്തുതാന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹം നിരസിച്ചുവെന്ന് ഇവാൻ ഡിസൂസ പറഞ്ഞു. കോർപറേഷൻ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ട് ബി.ജെ.പി എം.എൽ.എമാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നു. എസ്.ടി.പികളും തണ്ണീർത്തടങ്ങളും തകരാറിലായതിനാൽ ഗുജ്ജരകര, കാവൂർ കര തുടങ്ങിയ തടാകങ്ങൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ വികസനത്തിന് ശേഷവും മലിനമായി തുടരുന്നു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും മംഗളൂരുവിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് നഗരവികസന മന്ത്രിയോട് എം.എൽ.സി ആവശ്യപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പ്രാഥമിക ശുദ്ധീകരിച്ച വെള്ളത്തിൽ റാൻഡം ടെസ്റ്റുകൾ നടത്താനും ഫലങ്ങൾ പരസ്യമാക്കാനും അദ്ദേഹം കോർപറേഷൻ കമീഷണറോട് ആവശ്യപ്പെട്ടു. പ്രവർത്തനരഹിതമായ എസ്.ടി.പികളെക്കുറിച്ച് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.