മൈസൂരുവിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി
text_fieldsമൈസൂരു കെ.കെ. നഗറിൽ പുലി വനംവകുപ്പ് ജീവനക്കാരനെയും ബൈക്ക് യാത്രികനെയും ആക്രമിക്കുന്ന ദൃശ്യം
ബംഗളൂരു: മൈസൂരു കെ.കെ. നഗറിൽ ജനവാസ മേഖലയിലിറങ്ങിയ പുലി ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച പുലിയെ ഒടുവിൽ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി കെണിയിലാക്കി. വനംവകുപ്പ് ജീവനക്കാരനും പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വിഡിയോ പങ്കുവെച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ സുശാന്ത് നന്ദ, ജനങ്ങൾ പുലിക്കുനേരെ കല്ലെറിഞ്ഞതിനെ വിമർശിച്ചു. പരിഭ്രാന്തിയോടെ ഓടിനടക്കുന്ന പുലിയെ വീണ്ടും പരിഭ്രാന്തിയിലാക്കുന്ന പ്രവൃത്തിയാണ് ജനം ചെയ്യുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടി. ഏകദേശം 40 കിലോയോളം തൂക്കമുള്ള പെൺപുലിയാണ് ജനവാസ മേഖലയിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ പി.എ. സീമ പറഞ്ഞു. പിടികൂടിയ പുലിയെ വൈദ്യ പരിശോധനക്കുശേഷം നാഗർഹോളെ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടു. അടുത്തിടെ കെ.ആർ.എസ് ഡാമിലെ വൃന്ദാവൻ ഗാർഡനിൽ രണ്ടു തവണ പുലിയെ കണ്ടെത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ആഗസ്റ്റിൽ ബെളഗാവിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയതിനെ തുടർന്ന് 200 വനം വകുപ്പ് ജീവനക്കാരും പൊലീസുമടക്കം തിരച്ചിലിനായി വൻ ഓപറേഷൻ നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.