ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം
text_fieldsബംഗളൂരു: അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പിയും ജെ.ഡി-എസും സഖ്യമായി മത്സരിക്കും. ഇതുസംബന്ധിച്ച ചർച്ചക്കായി ഡൽഹിയിലെത്തിയ ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
28 ലോക്സഭ മണ്ഡലങ്ങളിൽ മണ്ഡ്യ, ഹാസൻ, തുമകുരു, ചിക്കബല്ലാപൂർ, ബംഗളൂരു റൂറൽ എന്നീ അഞ്ചു സീറ്റാണ് ജെ.ഡി-എസ് ആവശ്യപ്പെട്ടതെങ്കിലും നാലെണ്ണം നൽകാമെന്നാണ് ബി.ജെ.പി നിലപാട്. സഖ്യവുമായി ബന്ധപ്പെട്ട് മറ്റു ചർച്ചകൾ നടന്നുവരുകയാണ്. സഖ്യ കാര്യത്തിൽ തീരുമാനമായതായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗം ബി.എസ്. യെദിയൂരപ്പ വെള്ളിയാഴ്ച വെളിപ്പെടുത്തി. ജെ.ഡി-എസ് സഖ്യകക്ഷിയായതോടെ ബി.ജെ.പിക്ക് കൂടുതൽ കരുത്ത് ലഭിച്ചെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 26 സീറ്റിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നിലവിൽ 28 മണ്ഡലങ്ങളിൽ ബി.ജെ.പി-25, കോൺഗ്രസ്- ഒന്ന്, ജെ.ഡി-എസ് - ഒന്ന്, ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര- ഒന്ന് എന്നിങ്ങനെയാണ് സീറ്റുനില. ഇതിൽ ജെ.ഡി-എസിന്റെ ഏക എം.പിയായ പ്രജ്വൽ രേവണ്ണയുടെ തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞയാഴ്ച കർണാടക ഹൈകോടതി റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും സഖ്യമായാണ് മത്സരിച്ചത്. എന്നാൽ, തമ്മിലടി കാരണം ഇരു പാർട്ടികൾക്കും വൻ തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസ് ഒമ്പതിൽനിന്ന് ഒരു സീറ്റിലേക്കും ജെ.ഡി-എസ് രണ്ടിൽനിന്ന് ഒരു സീറ്റിലേക്കും ചുരുങ്ങി. കോൺഗ്രസും ജെ.ഡി-എസും ബി.ജെ.പിയും തമ്മിൽ ത്രികോണ മത്സരം അരങ്ങേറിയ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ജെ.ഡി-എസും വൻ പരാജയം ഏറ്റുവാങ്ങി. നിലവിൽ നിയമസഭയിൽ പ്രതിപക്ഷത്ത് ഇരുപാർട്ടികളും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമായി സഖ്യമുണ്ടാക്കില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്നും കഴിഞ്ഞ ജൂലൈയിൽ എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കിയിരുന്നു.
എന്നാൽ, മകൻ എച്ച്.ഡി. കുമാരസ്വാമിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ബി.ജെ.പിയുമായി സഖ്യത്തിന് മുതിർന്നതെന്നാണ് വിവരം. ബി.ജെ.പിയോട് സഖ്യം ചേർന്ന ജെ.ഡി-എസ്, ബി.ജെ.പിയുടെ ബി ടീം ആണെന്ന് സ്വയം തെളിയിച്ചതായി കർണാടക മന്ത്രി എം.ബി. പാട്ടീൽ പ്രതികരിച്ചു.
ജനം കോൺഗ്രസിനൊപ്പം -സിദ്ധരാമയ്യ
ബംഗളൂരു: ബി.ജെ.പി- ജെ.ഡി-എസ് സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. സഖ്യം സംബന്ധിച്ച ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവർ ഒന്നിച്ചു മത്സരിക്കുകയോ എതിരായി മത്സരിക്കുകയോ ചെയ്തോട്ടെ. ഞാനത് കാര്യമാക്കുന്നില്ല. ജനങ്ങളോട് ഞങ്ങൾ വോട്ടുതേടും. ജനം ഞങ്ങൾക്കൊപ്പമുണ്ട്. അവർ ഞങ്ങളെ വിജയിപ്പിക്കും -സിദ്ധരാമയ്യ പറഞ്ഞു.
ജെ.എഡി-എസിന്റെ ആദർശം എവിടെപ്പോയി? -ഡി.കെ. ശിവകുമാർ
ബംഗളൂരു: ബി.ജെ.പിയുമായി കൂട്ടുകൂടുന്ന ജെ.ഡി-എസിന്റെ ആദർശം എവിടെപ്പോയെന്ന് ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. അതിജീവനത്തിനുവേണ്ടി അവർക്കെന്തും ചെയ്യാം. എന്നാൽ, ജെ.ഡി-എസിന്റെ ആദർശം എങ്ങനെ ഈ സഖ്യത്തിൽ പ്രാവർത്തികമാവും? ബി.ജെ.പിയുമായി സഖ്യമുണ്ടാവില്ലെന്ന് നേരത്തേ ദേവഗൗഡ പറഞ്ഞിരുന്നു. ജെ.ഡി-എസിന് നാളെ എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല. അവരുടെ എം.എൽ.എമാരും മുൻ എം.എൽ.എമാരുമെല്ലാം പാർട്ടി വിടുകയാണ് -ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.