ബംഗളൂരുവിൽ ആദായനികുതി വകുപ്പ് റെയ്ഡ്: കോടികൾ പിടിച്ചു
text_fieldsബംഗളൂരു: കർണാടകയിലെ പ്രധാന കരാറുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന. കോടികൾ കണ്ടെത്തി. കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് 40 ശതമാനം കമീഷൻ ആരോപണം ഉന്നയിച്ചയാളടക്കം അഞ്ചു കരാറുകാരുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ബി.ബി.എം.പി കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും കർണാടക കോൺട്രാക്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ആർ. അംബികാപതിയുടെ ഫ്ലാറ്റിലും റെയ്ഡ് നടത്തി. ഇദ്ദേഹം താമസിക്കാത്ത ഫ്ലാറ്റാണിത്. ഇവിടെ കിടക്കക്ക് താഴെ സൂക്ഷിച്ചനിലയിൽ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തു.
അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി ബംഗളൂരുവിൽ വിവിധയിടങ്ങളിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വിവിധയിടങ്ങളിൽനിന്നായി 42 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. ആർ.ടി നഗറിനടുത്ത ആത്മാനന്ദ കോളനിയിലെ ഫ്ലാറ്റിൽനിന്നാണ് കോടികളുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തത്. 500 രൂപയുടെ കെട്ടുകളടങ്ങിയ 20 കാർഡ്ബോർഡ് പെട്ടികൾ കിടക്കക്ക് താഴെ സൂക്ഷിച്ചനിലയിലായിരുന്നു.
ഇതുവരെ ആരും താമസത്തിനെടുക്കാത്ത ഫ്ലാറ്റാണിത്. അംബികാപതിയുടെ നേതൃത്വത്തിലാണ് നേരത്തേ കരാറുകാരുടെ സംഘടന കമീഷൻ ആരോപണം ഉന്നയിച്ചത്. മുൻ മന്ത്രി മുനിരത്നക്കെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ ഇയാൾ അറസ്റ്റിലുമായിരുന്നു. പുലികേശിനഗറിലെ മുൻ കോൺഗ്രസ് എം.എൽ.എയായ ആർ. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവാണ് ഇയാൾ. അംബികാപതിയുടെ ഭാര്യ ജനതാദൾ എസിന്റെ മുൻ സിറ്റി കൗൺസിലറുമാണ്. ദമ്പതികളുടെ നിരവധി ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. അതേസമയം, പിടിച്ചെടുത്ത പണം കരാറുകാരിൽനിന്ന് കോൺഗ്രസിന് കിട്ടിയ കോഴയാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ബി.ജെ.പി ആരോപിച്ചു. ബി.ബി.എം.പി കരാറുകാരിൽനിന്ന് അവരുടെ കുടിശ്ശിക തുക കൈമാറാനായി വാങ്ങിയ കൈക്കൂലിയാണ് ആദായനികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തതെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവെക്കണമെന്നും പാർട്ടി ആവശ്യപ്പട്ടു. തെലങ്കാന തെരഞ്ഞെടുപ്പിലേക്കായാണ് ഈ പണം സൂക്ഷിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ രവികുമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആദായനികുതി വകുപ്പിനെ ഉപയോഗിച്ചുള്ള ഇത്തരം റെയ്ഡുകൾ സാധാരണമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റെയ്ഡുകൾ ഉണ്ടാകാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ, ആർക്ക് വേണ്ടിയാണ് കരാറുകാരന്റെ ഫ്ലാറ്റിൽ പണം സൂക്ഷിച്ചത്, ആരാണ് ഇതിന് പിന്നിൽ എന്നീ ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.