ഗുണ്ട നേതാവ് ഫൈറ്റർ രവിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്
text_fieldsബംഗളൂരു: ഗുണ്ട നേതാവ് മല്ലികാർജുന എന്ന ഫൈറ്റർ രവിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ബംഗളൂരു വയലിക്കാവലിലെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ റെയ്ഡ് നടന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ടിക്കറ്റ് നിഷേധിച്ചതിനെതുടർന്ന് നാഗമംഗലയിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫൈറ്റർ രവിയും പരസ്പരം അഭിവാദ്യം ചെയ്യുന്ന ഫോട്ടോ തെരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു.
കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലാണ് ചിത്രം ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ, ഫൈറ്റർ രവിയെ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെതന്നെ സമ്മതിച്ചിരുന്നു. രവിയെക്കുറിച്ച് മോദിക്ക് അറിയില്ലായിരുന്നെന്നും അവർ പ്രതികരിച്ചു. ക്രിക്കറ്റ് വാതുവെപ്പ്, കള്ളപ്പണം വെളുപ്പിക്കൽ അടക്കം നിരവധി കേസുകളാണ് രവിക്കെതിരെയുള്ളത്. 2022ൽ ബി.ജെ.പിയിൽ ചേർന്ന രവി നിയമസഭ ടിക്കറ്റ് ലഭിക്കാത്തതിനെതുടർന്ന് പാർട്ടി വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.