നന്ദിനി പാലിന് വില കൂട്ടി; പുതിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ
text_fieldsബംഗളൂരു: കർണാടകയിൽ നന്ദിനി പാല് വില വർധിപ്പിച്ചു. പാക്കറ്റ് പാലിന് രണ്ട് രൂപയാണ് കൂട്ടിയത്. പകരം അര ലിറ്റർ, ഒരു ലിറ്റർ പാല് പാക്കറ്റുകളില്‍ 50 മില്ലി ലിറ്റർ പാല് അധികമായി നല്‍കും. നന്ദിനി പുറത്തിറക്കുന്ന എല്ലാ ഇനം പാല് പാക്കറ്റുകള്‍ക്കും വർധന ബാധകമാണ്. ഇതോടെ ഒരു ലിറ്റർ നന്ദിനി പാലിന്റെ വില 44 രൂപയായി. ഇതുവരെ 42 രൂപയായിരുന്നു. നന്ദിനിയുടെ സംതൃപ്തി പാലിന് ലിറ്ററിന് 57ഉം സമൃദ്ധി പാലിന് ലിറ്ററിന് 53ഉം രൂപയാണ് പുതിയ നിരക്ക്. അതേസമയം, തൈരിനോ മറ്റു പാലുൽപന്നങ്ങൾക്കോ ഇത്തവണ വില വർധിപ്പിച്ചിട്ടില്ല.
വില വർധിപ്പിച്ചതോടൊപ്പം പാക്കറ്റിലെ പാലിന്റെ അളവും വർധിപ്പിക്കും. 50 മില്ലീലിറ്ററാണ് ഓരോ പാക്കറ്റിലും വർധിക്കുക. 500 മില്ലീലിറ്ററിന്റെ പാക്കറ്റിൽ 550 മില്ലീലിറ്റർ പാലുണ്ടാകും. ഇതു രേഖപ്പെടുത്തിയ പാൽപാക്കറ്റ് വിപണിയിലെത്തും. ഒരു ലിറ്റർ പാൽ പാക്കറ്റിന് പകരം 1050 മില്ലീലിറ്റർ പാൽ പാക്കറ്റാണ് ഉണ്ടാവുക. വിലയിൽ ചെറിയ വർധനയുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് പതിവിലും കൂടുതൽ പാൽ നന്ദിനി ലഭ്യമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ഒടുവിൽ സംസ്ഥാനത്ത് പാല് വില വർധിപ്പിച്ചത്. പാൽ ഉൽപാദന മേഖലയിലെ വസ്തുക്കളുടെ വിലക്കയറ്റം കാരണമാണ് വില വർധിപ്പിക്കുന്നതെന്ന് കർണാടക മില്‍ക്ക് ഫെഡറേഷൻ ചെയർമാൻ ഭിമ നായിക്ക് ചൊവ്വാഴ്ച ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മതിയായ പാൽ ഉൽപാദനം ഉറപ്പുവരുത്താനും ക്ഷീര കർഷകരെ സംരക്ഷിക്കാനും വിലവർധന അത്യാവശ്യമാണെന്ന് കെ.എം.എഫ് ചെയർമാൻ ചൂണ്ടിക്കാട്ടി.
അതേസമയം, വില വർധിപ്പിച്ചതിന് ശേഷവും മാർക്കറ്റിൽ താരതമ്യേന കുറഞ്ഞ വിലക്ക് പാൽ വിൽക്കുന്നത് നന്ദിനി ബ്രാൻഡാണ്. കേരളത്തിൽ ഒരു ലിറ്റർ പാലിന് 52 രൂപയാണ് മിൽമ ഈടാക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര അടക്കം ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാൽ വിപണിയിലെത്തിക്കുന്ന അമുൽ ഒരു ലിറ്ററിന് 56 രൂപക്കാണ് പാൽ വിൽക്കുന്നത്. ഡൽഹിയുടെ മദർ ഡയറിയാകട്ടെ 54 രൂപയും ഈടാക്കുന്നു.
വില വർധിപ്പിച്ചതിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിട്ടുണ്ട്. സിദ്ധരാമയ്യ സർക്കാറിന്റെ സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് അടിച്ചേൽപിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വില വർധനയിൽ സർക്കാറിന്റെ ഇടപെടലില്ലെന്നും പൂർണമായും കെ.എം.എഫിന്റെ തീരുമാനമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ക്ഷീര കർഷകർ അധികം ഉൽപാദിപ്പിക്കുന്ന പാൽ സംഭരണ കേന്ദ്രങ്ങളിൽ തടയാറില്ലെന്നും കെ.എം.എഫ് മുഴുവനായി ശേഖരിക്കാറുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ വർഷം കർണാടകയുടെ പാലുൽപാദനം 15 ശതമാനം വർധിച്ചു. കഴിഞ്ഞവർഷം പ്രതിദിനം 90 ലക്ഷം ലിറ്റർ പാലാണ് കർണാടകയിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ വർഷം അത് 99 ലക്ഷം ലിറ്ററായി ഉയർന്നു.
അധികമായി ഉൽപാദിപ്പിക്കപ്പെട്ട പാൽ ഉൾക്കൊള്ളിക്കാനാണ് പാക്കറ്റിലെ അളവിൽ വർധന വരുത്തിയതെന്നും ഇതിന് ആനുപാതികമായാണ് വില വർധിപ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി എക്സിലെ പോസ്റ്റിൽ വിശദീകരിച്ചു. ഈ തീരുമാനം ക്ഷീര കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാണെന്നും കോൺഗ്രസ് സർക്കാർ എപ്പോഴും ക്ഷീര കർഷകരെ പിന്തുണക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.