വർണപ്പൊലിമയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു; അഞ്ചിന ഗ്യാരന്റികൾ അവതരിപ്പിച്ചത് സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ- സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ അഞ്ചിന ഗ്യാരന്റി പദ്ധതികൾ അവതരിപ്പിച്ചത് സാമൂഹിക നീതിയുടെ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു മനേക് ഷാ പരേഡ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ സമാധാനമുണ്ടെങ്കിലേ വികസനം സാധ്യമാവുകയുള്ളൂവെന്ന് കർണാടകയിലെ ജനങ്ങൾ മനസ്സിലാക്കിയതായും അദ്ദേഹം ചുണ്ടിക്കാട്ടി. നവ ഉദാരീകരണ നയത്തിന്റെ ഭാഗമായി രാജ്യത്ത് പാവപ്പെട്ടവനും പണക്കാരനും തമ്മിലെ അന്തരം വർധിച്ചു.
രാജ്യത്തെ വിഭവത്തിന്റെ 70 ശതമാനവും കൈയടക്കിയിരിക്കുന്നത് 10 ശതമാനം വരുന്ന സമ്പന്നരാണെന്ന് അദ്ദേഹം പറഞ്ഞു. കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാർ രാജ്യത്തെ കൊള്ളയടിച്ചു. എന്നാൽ, ഇപ്പോൾ ഏതാനും മുതലാളിമാരുടെ കൈയിലാണ് രാജ്യത്തിന്റെ സമ്പത്ത്.
ഈ സാഹചര്യത്തിൽ വികസനം സാധ്യമാവുമോ? ഇത് കണക്കിലെടുത്താണ് സമ്പത്തിന്റെ വിതരണത്തിന് സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ അഞ്ചിന ഗ്യാരന്റി പദ്ധതികൾ അവതരിപ്പിച്ചത്.
ഇതിനു പുറമെ, വിലക്കയറ്റവും തൊഴിലില്ലായ്മയും ജാതി- മത വിവേചനവും അഴിമതിയും ഗൗരവമായി സർക്കാർ കാണുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. രാവിലെ ഒമ്പതിന് സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങിന് തുടക്കമായി. തുടർന്ന് കർണാടക പൊലീസിലെ വിവിധ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ മുഖ്യമന്ത്രി സ്വീകരിച്ചു. വിവിധ കല- സാംസ്കാരിക പരിപാടികളും അരങ്ങേറി. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.