ജെറ്റ്പാക്ക് സ്യൂട്ടിന്റെ കരുത്തിൽ ഇന്ത്യൻ സൈന്യം പറക്കും
text_fieldsബംഗളൂരു: കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ നടന്നാൽ ഇന്ത്യൻ സൈനികർ ഇനി ജെറ്റ്പാക്ക് സ്യൂട്ടിന്റെ കരുത്തിൽ പറക്കും. ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യയിൽ പ്രദർശിപ്പിച്ച ‘ജെറ്റ്പാക്ക് സ്യൂട്ട്’ ആണ് താരമാകുന്നത്.
മനുഷ്യനെ ചിറകുവിരിച്ച് പറക്കാൻ സഹായിക്കുന്ന സ്യൂട്ട് ബംഗളൂരു ആസ്ഥാനമായ അബ്സല്യൂട്ട് കോമ്പോസിറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പാണ് നിർമിച്ചത്. സുരക്ഷ പരീക്ഷണങ്ങൾ വിജയിച്ചാൽ 48 ജെറ്റ് സ്യൂട്ടുകൾ വാങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. പിൻഭാഗത്തുള്ള ടർബോ എൻജിൻ ഉൾപ്പെടെ അഞ്ച് എൻജിനുകളാണ് സ്യൂട്ടിലുള്ളത്. മൂന്ന് കിലോ ഭാരമുള്ള സ്യൂട്ടിന് 80 കിലോ ഭാരമുള്ള സൈനികരെ പറത്താൻ കഴിയും. 10 മിനിറ്റ് കൊണ്ട് 10 കിലോമീറ്റർ വരെ പറക്കാനുള്ള ശേഷി ജെറ്റ്പാക്ക് സ്യൂട്ടിനുണ്ട്. സ്യൂട്ടിന് കൂടുതൽ ഇന്ധനക്ഷമതക്കുള്ള ഗവേഷണം കമ്പനി തുടരുകയാണ്.
ബുദ്ധിമുട്ടേറിയ ഇടങ്ങളിൽ സൈനികർക്ക് സ്യൂട്ടിന്റെ സഹായത്തോടെ ചെന്നെത്താൻ കഴിയും. പ്രകൃതി ദുരന്തങ്ങൾ, മണ്ണിടിച്ചിൽ, തീപിടിത്തം, കെട്ടിട തകർച്ച തുടങ്ങിയ സന്ദർഭങ്ങളിലും ഉപയോഗപ്രദമാകും. നദികളും തകർന്ന പാലങ്ങളും മുറിച്ചുകടക്കാനും സൈനികർക്ക് സഹായകമാകും. പുതിയ സ്യൂട്ട് തങ്ങളെ ദുഷ്കരമായ ദൗത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുമെന്നാണ് സൈന്യം കരുതുന്നത്. പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ നടന്നാൽ വൻതോതിൽ ജെറ്റ്പാക്ക് സ്യൂട്ടുകൾ വാങ്ങുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.