പകർച്ചവ്യാധി; മാർഗനിർദേശങ്ങളുമായി മൈസൂരു സിറ്റി കോർപറേഷൻ
text_fieldsബംഗളൂരു: പകർച്ചവ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങളിറക്കി മൈസൂരു സിറ്റി കോർപറേഷൻ. ഹോട്ടലുകൾ, ബേക്കറികൾ, തെരുവ് കച്ചവടക്കാർ, ഐസ്ക്രീം- ശീതളപാനീയങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവർക്കായി ഇറക്കിയ മാർഗനിർദേശങ്ങൾ പൊതുജനങ്ങൾക്കും ബാധകമാണ്. പകർച്ചവ്യാധികൾ പടരുന്നത് തടയാനും ഗവൺമെന്റ് നിർദേശങ്ങൾ അറിയിക്കാനുമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ജല ഉപയോഗ സ്രോതസ്സുകൾ ശുചിത്വത്തോടെ പരിപാലിക്കുക, ശുദ്ധീകരിച്ചതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക, റസ്റ്റാറന്റുകളിൽ ചൂടുവെള്ളം മാത്രം കുടിക്കാൻ നൽകുക, ജ്യൂസുകൾ, സോഡ തുടങ്ങിയ ശീതളപാനീയങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, ഭക്ഷണശാലകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക, ജീവനക്കാർ ഗ്ലൗസ്, ഹെഡ് കാപ്, മാസ്ക് തുടങ്ങിയവ ധരിക്കുക, തുറന്നു വെച്ച ഭക്ഷണപദാർഥങ്ങൾ, മുറിച്ച പഴങ്ങൾ എന്നിവയുടെ വിൽപന ഒഴിവാക്കുക, യാത്ര ചെയ്യുമ്പോൾ വീട്ടിൽ നിന്നുള്ള കുടിവെള്ളം കൈയിൽ കരുതാൻ ശ്രമിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കോർപറേഷൻ ജനങ്ങൾക്ക് മുൻകരുതലായി നൽകിയത്.
മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ പകർച്ചവ്യാധികൾ തടയുന്നതിൽ എല്ലാവർക്കും പങ്കാളികളാകാനാകുമെന്ന് മൈസൂരു സിറ്റി കോർപറേഷൻ അധികൃതർ പറഞ്ഞു. നേരത്തേ ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് വിദ്യാർഥികൾക്ക് കോളറ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ആദ്യമായി സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകൾക്കും ഹോസ്റ്റലുകൾക്കുമായി മാർഗനിർദേശങ്ങളിറക്കിയിരുന്നു. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നടപടികളുണ്ടാവുമെന്നും മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.