കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യം മുഴുവൻ ബംഗളൂരു നിശബ്ദമായി തിന്നുന്നു; നഗരത്തിലെ വർധിച്ച ജീവിതച്ചെലവിനെക്കുറിച്ച് ആശങ്ക പങ്കു വച്ച് സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ്
text_fieldsബംഗളൂരു: കർണാടക ഗവൺമെൻറിൻറെ വിലവർദ്ധന നടപടികൾ തീർത്ത അലയൊലികൾക്കിടയിൽ താങ്ങാനാകാത്ത ജീവിതച്ചെലവുകളെക്കുറിച്ച് ബാംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് മെന്ററുടെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് ചർച്ചയാവുകയാണ്.
ബംഗളൂരിലെ ദൈനംദിന ചെലവുകൾ അധ്വാനിച്ചുണ്ടാക്കുന്ന പണം മുഴുവൻ തിന്നു തീർക്കുന്നുവെന്നാണ് ഹരീഷ് എൻ. എ എന്ന യുവാവ് കുറിച്ചത്. അഭിപ്രായത്തെ അനുകൂലിച്ച് നിരവധിപ്പേർ മുന്നോട്ടെത്തി. പോസ്റ്റിനൊപ്പം വിലവർധനവിൻറെ കണക്കുകളും അദ്ദേഹം പങ്കുവച്ചു.
"നന്ദിനി മിൽക്കിൻറെ വില മാർച്ച് 7 മുതൽ നാലു രൂപ വർധിച്ച് ലിറ്ററിന് 47 രൂപയായി, പാക്കേജിൽ 1050 എം.എൽ നു പകരം ഒരു ലിറ്ററാക്കി. ഡീസൽ വില രണ്ടുരൂപ കൂടി 91.02 രൂപയായി. പൊതുഗതാഗത സംവിധാനവും ചെലവേറി. നമ്മ മെട്രോയുടെ യാത്രാ നിരക്ക് 60 മുതൽ 90 വരെയായി ഉയർന്നു. അടിസ്ഥാന ആവശ്യങ്ങളെപ്പോലും വില വർധനവിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഊർജ താരിഫും, മാലിന്യ നികുതിയും, കാപ്പി പൊടിക്കുപോലും വലിയ വില വർധനവാണുണ്ടായിരുക്കുന്നത്. വീട്ടു വാടകയും ക്രമാതീതമായി വർധിച്ചു. കോറമംഗലയിലെ വൈറ്റ് ഫീൽഡ് ഏരിയയിൽ 2ബി.എച്ച്.കെ ഫ്ലാറ്റിന് ഒരു വർഷം മുമ്പ് വരെ 25000 രൂപആയിരുന്നു വാടക. ഇന്ന് 40000 രൂപകൊടുക്കണം. നഗരത്തിലെ വർധിച്ചു വരുന്ന ഗതാഗത കുരുക്കിനെക്കുറിച്ചും പോസ്റ്റിൽ പരാമർശിച്ചു.
ചെലവുകൾ വർധിക്കുന്നതിനനുസരിച്ച് ശമ്പള വർധനയില്ലാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഐ.ടി മേഖലയിൽ ജോലിക്കായെത്തുന്ന തുടക്കകാർക്ക് താമസം, ഭക്ഷണം, യാത്രാചെലവുകൾ ഒന്നും താങ്ങാൻ കഴിയാത്ത അവസ്ഥയാണ് ബംഗളൂരുവിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.