ഈശ്വരപ്പക്കെതിരായ വർഗീയ പരാമർശ കേസിൽ ഇടക്കാല സ്റ്റേ
text_fieldsബംഗളൂരു: മുൻമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികൾ തൽക്കാലത്തേക്ക് തടഞ്ഞ് കർണാടക ഹൈകോടതി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ‘തങ്ങൾക്ക് മുസ്ലിംവോട്ടുകൾ വേണ്ട’ എന്ന പരാമർശം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഈശ്വരപ്പ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സിംഗിൾ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ഹരജി ഡിസംബർ 15ന് വീണ്ടും പരിഗണിക്കും. ഈശ്വരപ്പക്കുവേണ്ടി അഡ്വ. എം. വിനോദ് കുമാർ ഹാജരായി.
കഴിഞ്ഞ ഏപ്രിൽ 25ന് ശിവമൊഗ്ഗയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വസതിയിൽ ബി.ജെ.പി സംഘടിപ്പിച്ച വീരശൈവ ലിംഗായത്ത് സമുദായ യോഗത്തിലാണ് ഈശ്വരപ്പ വിവാദ പരാമർശം നടത്തിയത്. ‘ശിവമൊഗ്ഗയിൽ 50,000 മുതൽ 55,000 വരെ മുസ്ലിം വോട്ടർമാരാണുള്ളത്. ഞങ്ങൾക്ക് ഒരൊറ്റ മുസ്ലിംവോട്ടു പോലും ആവശ്യമില്ല’- ഇതായിരുന്നു പരാമർശം.
ഈശ്വരപ്പയുടെ വിവാദ പ്രസംഗം ഒരു ന്യൂസ് ഏജൻസി പുറത്തുവിട്ടതോടെ ശിവമൊഗ്ഗ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എച്ച്. മഹേഷ് മേയ് ആറിന് വിനോഭനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മേയ് എട്ടിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ശിവമൊഗ്ഗ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസിൽ അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തു. കേസിൽ ഡിസംബർ രണ്ടിന് വാദം കേൾക്കാൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, ഇതിനെതിരെ ഹൈകോടതിയിൽ ഈശ്വരപ്പ സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. സ്വകാര്യ ഏജൻസിയായ എക്സിൽ വന്ന ട്വീറ്റിന്റെ പേരിൽ തനിക്കെതിരെ കേസെടുത്തത് ചോദ്യംചെയ്ത ഈശ്വരപ്പ, കേസ് തള്ളണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.