കർമനൈരന്തര്യത്തിന്റെ ഒമ്പതാം പതിറ്റാണ്ടിലേക്ക്; വിപുലമായ പദ്ധതികളുമായി എം.എം.എ
text_fieldsബംഗളൂരു: ജീവകാരുണ്യ-സാമൂഹിക സേവനത്തിന്റെ പാതയിൽ തൊണ്ണൂറാം വർഷത്തിലേക്ക് കാൽവെച്ച് മലബാർ മുസ്‍ലിം അസോസിയേഷൻ. കർമനൈരന്തര്യത്തിന്റെ ഒമ്പതാം പതിറ്റാണ്ടിലേക്ക് കടക്കുമ്പോൾ പൊതുജനങ്ങൾക്കായി ഒമ്പത് ഇന വൻ കർമപദ്ധതികൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അറിയിച്ചു.
ഡിഗ്രി, പ്രഫഷനൽ കോളജ്, അനാഥ മന്ദിരം, വൃദ്ധജന പരിപാലന കേന്ദ്രം, ഭിന്നശേഷി സംരക്ഷണ കേന്ദ്രം, ഉപരിപഠനത്തിനെത്തുന്ന വിദ്യാർഥിനികൾക്കായി ഹോസ്റ്റൽ തുടങ്ങിയവയാണ് പുതിയ പദ്ധതികൾ. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കെട്ടിടങ്ങൾ അടക്കമുള്ള ബാക്കി സംവിധാനങ്ങൾ 2024 പൂർത്തിയാക്കാൻ എം.എം.എ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട നിർധനരായ അനാഥരെ പൂർണമായി സംരക്ഷിക്കുന്ന പദ്ധതിയാണ് അനാഥ മന്ദിരം.
പ്രായത്തിന്റെ അവശതയിൽ വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരെ സ്നേഹവും കരുതലും നൽകി സംരക്ഷിക്കുന്നതാണ് വൃദ്ധ സംരക്ഷണം. ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് ഉയരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു. പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 100 ഇന കർമ പദ്ധതികൾ പ്രഖ്യാപിക്കുകയും അത് നടപ്പിൽവരുത്താൻ കഴിയുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
1934 ജനുവരിയിലാണ് മലബാർ മുസ്‍ലിം അസോസിയേഷൻ രൂപവത്കൃതമായത്. 2024 ജനുവരിയിൽ സംഘടനക്ക് 90 വയസ്സ് പൂർത്തിയാകും. യോഗത്തിൽ ഫരീക്കോ മമ്മു ഹാജി, അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, കെ.എച്ച് ഫാറൂഖ്, ടി.പി. മുനീറുദ്ദീൻ, അസീസ് എംപയർ, എം.സി. ഹനീഫ്, ആസിഫ് ഇഖ്ബാൽ, വൈക്കിങ് മൂസ ഹാജി, കെ. ഹാരിസ്, ആയാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.