പശുരക്ഷാ ഗുണ്ടകളുടെ ആക്രമണം പൊലീസ് ഇടപെട്ടില്ലെന്ന് വസ്തുതാന്വേഷകർ
text_fieldsമംഗളൂരു: ഗോരക്ഷാ ഗുണ്ടകൾ കാലിക്കടത്ത് വ്യാപാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. രാമനഗര ജില്ലയിലെ സാത്തനൂർ പൊലീസ് സ്റ്റേഷന് 500 മീറ്റർ അരികെ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് മുസ്ലിം കാലിക്കച്ചവടക്കാരനായ മാണ്ഡ്യ സ്വദേശി ഇദ്രീസ് പാഷയെ (40) കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
മാർച്ച് 31ന് രാത്രി 11.40ഓടെയാണ് അനധികൃത കാലിക്കടത്തെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ നേതാവ് പുനീത് കീരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഗോരക്ഷാഗുണ്ടകൾ ഇദ്രീസ് പാഷയുടെയും സഹപ്രവർത്തകരുടെയും ലോറി തടഞ്ഞ് മർദിച്ചത്. തീവ്ര സംഘടനയായ രാഷ്ട്രരക്ഷന പദെ (ദേശരക്ഷാസേന) പ്രവർത്തകരായിരുന്നു അക്രമികൾ. കന്നുകാലികളെ കൊണ്ടുപോകാനുള്ള രേഖകൾ ഇദ്രീസ് ഇവരെ കാണിച്ചെങ്കിലും കീരെഹള്ളി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു.
ഇതിന് കഴിയില്ലെന്ന് പറഞ്ഞതോടെ ‘പാകിസ്താനിലേക്ക് പോകൂ’ എന്നാക്രോശിച്ച് ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ പാഷയുടെ മൃതദേഹം പിറ്റേദിവസമാണ് പൊലീസ് സ്റ്റേഷൻ പരിസരത്ത് റോഡരികിൽ കണ്ടത്. പൊലീസ് ഇടപെട്ടിരുന്നുവെങ്കിൽ കൊലപാതകം നടക്കില്ലെന്നായിരുന്നുവെന്നാണ് അഡ്വ. ശിവമനിതൻ, പൊതുപ്രവർത്തകരായ കെ.ജെ. സിദ്ധാർഥ്, സിൽവിയ കർപഗം, ഓൾ ഇന്ത്യ ജംഇയ്യതുൽ ഖുറേഷിന്റെ ഖാസിം ശുഐബ് ഖുറേഷി എന്നിവരടങ്ങിയ വസ്തുതാന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
പുനീത് കെരെഹള്ളിയുടെ നേതൃത്വത്തിലുള്ള സംഘം പാഷയുടെ പിന്നാലെ അക്രമാസക്തരായി ഓടുന്നത് സ്റ്റേഷനിൽനിന്ന് പൊലീസുകാർ കണ്ടിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലികളെ കൊണ്ടുവരാനുള്ള ലൈസൻസ് ഉണ്ടായിട്ടും ഗുണ്ടകൾ നൽകിയ പരാതിയിൽ, കർണാടകയിലെ ബി.ജെ.പി സർക്കാർ 2020ൽ നടപ്പാക്കിയ ഗോവധ നിരോധന നിയമപ്രകാരം ഇദ്രീസിനും കൂടെയുണ്ടായിരുന്നവർക്കുമെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഇദ്രീസിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ അക്രമത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ നിർണായക മൊഴികൾ രേഖപ്പെടുത്തിയില്ല.
പുനീത് കീരെഹള്ളിയെയും നാല് കൂട്ടാളികളെയും രാജസ്ഥാനിൽനിന്നാണ് പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തത്. കീരെഹള്ളിക്ക് ഉന്നത ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സൗത്ത് ബംഗളൂരു ബി.ജെ.പി എം.പി തേജസ്വി സൂര്യ, ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി. രവി, ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങിയവരോടൊപ്പം നിൽക്കുന്ന നിരവധി ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.