കോവിഡ് കാലത്തെ ക്രമക്കേട്: അറിഞ്ഞിട്ടും വകുപ്പിലെ മറ്റു ജീവനക്കാർ മൗനം പാലിച്ചതിൽ കേസ്
text_fieldsബംഗളൂരു: കോവിഡ് 19 കാലത്ത് പ്രതിരോധ വസ്തുക്കൾ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട ആദ്യ കേസ് ബംഗളൂരു വിധാൻ സൗധ പൊലീസ് രജിസ്റ്റർ ചെയ്തു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ചീഫ് അക്കൗണ്ടന്റ്സ് ഓഫിസർ ഡോ. എം. വിഷ്ണുപ്രസാദിന്റെ പരാതിയിൽ ഡോ. പി.ജി. ഗിരീഷ്, സർക്കാർ ഉദ്യോഗസ്ഥനായ ജി.പി. രഘു, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിലെ നോൺ ഗസറ്റഡ് ഉദ്യോഗസ്ഥനായ എൻ. മുനി രാജു എന്നിവർക്കെതിരെയും ലാജ് എക്സ്പോർട്ട്, പ്രുഡന്റ് മാനേജ്മെന്റ് സൊലൂഷൻസ്, വിവിധ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോവിഡ് കാലത്ത് എൻ 95 മാസ്കുകൾ, പേഴ്സനൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് കിറ്റുകൾ (പി.പി.ഇ കിറ്റ്), മറ്റ് ഉപകരണങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന വാങ്ങിയതിൽ കർണാടക ട്രാൻസ്പെരൻസിന്റെ പബ്ലിക് പ്രൊക്യുർമെന്റ് (കെ.ടി.പി.പി) ക്രമക്കേട് വരുത്തിയെന്നാണ് പരാതി. ഈ ക്രമക്കേടിനെക്കുറിച്ച് അറിഞ്ഞിട്ടും മൗനം പാലിച്ചതിനാണ് വകുപ്പിലെ മറ്റു സർക്കാർ ജീവനക്കാരെയും കേസിലുൾപ്പെടുത്തിയത്.
ബി.ജെ.പി ഭരണകാലത്ത് നടന്ന കോവിഡ് അഴിമതി അന്വേഷിക്കാൻ സിദ്ധരാമയ്യ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് ഇതേ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ജോൺ മൈക്കൽ കുഞ്ഞയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ പാനലിന്റെ ശിപാർശ പ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്. ക്രമക്കേടിൽ നേരിട്ട് പങ്കാളികളായ സർക്കാർ ജീവനക്കാർക്ക് പുറമെ, അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ആരോഗ്യ മന്ത്രി ബി. ശ്രീരാമുലു എന്നിവർക്കെതിരെയും നടപടിക്ക് അന്വേഷണ പാനൽ ശിപാർശ ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഐ.ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിധാൻ സൗധ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടൻ എസ്.ഐ.ടി ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.