ബംഗളൂരു ഇസ്ലാഹി സെന്റർ മദ്റസ സർഗമേള -2024 സമാപിച്ചു
text_fieldsബംഗളൂരു: വിദ്യാർഥികളുടെ സർഗാത്മകത പ്രകടമാക്കിയ ബംഗളൂരു ഇസ്ലാഹി സെന്റർ മദ്റസ സർഗമേള -2024 സമാപിച്ചു. ശിവാജി നഗർ, ഓകലിപുരം, ഹെഗ്ഡെ നഗർ എന്നീ മദ്റസകളിൽനിന്നുള്ള വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച മേള മികച്ച ക്രമീകരണങ്ങളോടെ ജെ.സി നഗറിലെ അസ്ലം പാലസിലാണ് സംഘടിപ്പിച്ചത്. മേള ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.വി. ബഷീർ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ടുതന്നെ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. സലഫി മസ്ജിദ് ഖതീബും മദ്റസ പ്രധാനാധ്യാപകനുമായ നിസാർ സ്വലാഹി സമാപന സെഷന് നേതൃത്വം നൽകി. ഇസ്ലാഹി സെന്റർ സെക്രട്ടറി സി.ടി. മഹ്മൂദ് അധ്യക്ഷതവഹിച്ചു.
അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ പ്രസംഗം, പാട്ട്, പ്രബന്ധ രചന, കഥ, കളറിങ്, മെമ്മറി ടെസ്റ്റ്, പദപ്പയറ്റ്, പദനിർമാണം തുടങ്ങി 14 ഇനങ്ങളിൽ 150ൽ അധികം കുട്ടികൾ പങ്കെടുത്തു. ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സമ്മാന വിതരണവും നിർവഹിച്ചു. കഴിഞ്ഞ വർഷം അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ മികവ് കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. മദ്റസ കമ്മിറ്റി ഭാരവാഹികളായ ജമീശ് കെ.ടി, റിയാസ് യൂനുസ്, മുബാറക് ഉസ്താദ്, അമീർ ഉസ്താദ്, സൽമാൻ സ്വലാഹി എന്നിവർ നേതൃത്വം നൽകി. മാർച്ച് ഒമ്പതിന് ഇഫ്താർ മീറ്റ്, ഡിസംബർ ഒന്നിന് ബി.ടി.എം പള്ളിയിൽ നിസാർ സ്വലാഹി നേതൃത്വം നൽകുന്ന വിജ്ഞാന വേദി, ഡിസംബർ എട്ടിന് വൈറ്റ്ഫീൽഡിൽ ജൗഹർ മുനവ്വർ, നിസാർ സ്വലാഹി എന്നിവർ നേതൃത്വം നൽകുന്ന ഫോക്കസ്, ഡിസംബർ 15ന് ശിവാജി നഗർ പള്ളിയിൽ ത്വൽഹത്ത് സ്വലാഹി നേതൃത്വം നൽകുന്ന പ്രതിമാസ വിജ്ഞാന വേദി എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.