ഇസ്ലാമോഫോബിയ: ബംഗളൂരുവിൽ പ്രതിഷേധം ഇരമ്പി
text_fieldsബംഗളൂരു: വർധിച്ചുവരുന്ന വർഗീയ, ഇസ്ലാമോഫോബിയ അതിക്രമങ്ങൾക്കെതിരെ ബംഗളൂരു ടൗൺ ഹാൾ പരിസരത്ത് ബഹുത്വ കർണാടക സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
മണിപ്പൂർ കലാപം, ഹരിയാനയിലെ സംഘർഷം, മഹാരാഷ്ട്രയിൽ ട്രെയിനിലെ വെടിവെപ്പ്, യു.പിയിൽ അധ്യാപിക മുസ്ലിം ബാലനെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവം, മുസ്ലിംകളുടെ സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കൽ, മുസ്ലിംകളോടുള്ള സാമ്പത്തിക ബഹിഷ്കരണം, കർണാടക കോലാറിലെ ദുരഭിമാനക്കൊല തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു ‘ബഹുത്വ കർണാടക’ ആഭിമുഖ്യത്തിൽ പ്രതിഷേധം.
ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പും വിവിധ പ്ലക്കാർഡുകളും ബാനറുകളും കൈയിലേന്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്. ഭരണഘടനയുടെ ആമുഖം വായിച്ച് ജാതിവ്യവസ്ഥക്കും വർഗീയതക്കുമെതിരെ വിദ്യാർഥികളും യുവാക്കളുമടക്കമുള്ളവർ പ്രതിജ്ഞയെടുത്തു. ബി.ജെ.പി സർക്കാറിന് കീഴിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ രാജ്യത്ത് വർഗീയ സംഘർഷങ്ങൾ 500 ശതമാനമാണ് വർധിച്ചത്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പരാജയം മാത്രമല്ല ബ്രാഹ്മണ സംസ്കാരം തന്നെ തൂത്തെറിയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സമത്വവും സാഹോദര്യവും വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമാണ് ജാതീയതയും ഇസ്ലാമോഫോബിയയും.
ഇവ വിദ്വേഷ അക്രമങ്ങൾക്കാണ് വഴിവെക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ മുസ്ലിംകൾക്കും അടിച്ചമർത്തപ്പെട്ട ജാതി വിഭാഗങ്ങൾക്കും നിഷേധിക്കപ്പെടുകയാണെന്നും ബഹുത്വ കർണാടക ചൂണ്ടിക്കാട്ടി. ജാതിയുടെ പേരിലുള്ള കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നടപടി സ്വീകരിക്കണം. നിയമസഭയിലും പാർലമെന്റിലും ദലിതരുടെ പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്യണം. രാജ്യത്ത് ഉയർന്നുവരുന്ന ഇസ്ലാമോഫോബിയക്കെതിരെ നടപടിയെടുക്കാനും മുസ്ലിംകൾക്ക് രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.