വിദ്യാർഥികൾക്ക് ശാസ്ത്ര പഠന ക്യാമ്പുമായി ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: വിദ്യാര്‍ഥികളെ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആര്.ഒ) ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി യുവ വിജ്ഞാനി കാര്യക്രം (യുവിക 2025) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴ് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലായി രണ്ടാഴ്ചത്തെ റെസിഡൻഷ്യൽ പ്രോഗ്രാമാണ് നടക്കുന്നത്.
പ്രോഗ്രാമിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ മാർച്ച് 23ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. എട്ടാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാര്‍ക്കും ശാസ്ത്ര, കായികമേളകളിൽ പങ്കാളിത്തവും കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്/ എൻ.സി.സി/ എൻ.എസ്.എസ് അംഗമായിരിക്കണം തുടങ്ങിയവയാണ് നിബന്ധനകൾ. തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രിൽ ഏഴിന് പ്രസിദ്ധീകരിക്കും.
വിദ്യാര്‍ഥികള്‍ മേയ് 18ന് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യണം. മേയ് 19 മുതൽ മേയ് 30 വരെയാണ് പ്രോഗ്രാം നടക്കുക. ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് വിദ്യാര്‍ഥികൾക്ക് പകര്‍ന്നു നല്‍കുകയും ശാസ്ത്ര-സാങ്കേതിക രംഗത്തെ പുത്തന്‍ പ്രവണതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പരിപാടിയിലൂടെ ഐ.എസ്.ആർ.ഒ ലക്ഷ്യം വെക്കുന്നത്.
രണ്ടാഴ്ചത്തെ ക്ലാസ് റൂം പഠനം, മോഡല്‍ റോക്കറ്റ്, ആകാശ നിരീക്ഷണം, പരീക്ഷണങ്ങളുടെ പ്രായോഗിക പ്രദർശനം, കാൻസാറ്റ് പരീക്ഷണങ്ങള്‍, റോബോട്ടിക് കിറ്റ്, റോബോട്ടിക് കോഡിങ്/പരീക്ഷണങ്ങൾ, ഡ്രോൺ ഡെമോൺസ്ട്രേഷൻ, ഡി.ഐ.വൈ കിറ്റ് അസംബ്ലിങ്, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുമായി റോക്കറ്റുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയും ഫീല്‍ഡ് വിസിറ്റും തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് (ഐ.ഐ.ആര്.എസ്) ഡെറാഡൂൺ, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി.എസ്.എസ്.സി) തിരുവനന്തപുരം, സതീഷ് ധവാൻ സ്പേസ് സെന്റര്‍ (എസ്.ഡി.എസ്.സി)ശ്രീഹരിക്കോട്ട, യു.ആർ. റാവു സാറ്റലൈറ്റ് സെന്റര്‍ (യു.ആര്.എസ്.സി) ബംഗളൂരു, ഒസ്പേസ് ആപ്ലിക്കേഷൻ സെന്റര്‍ (എസ്.എ.സി) അഹ്മദാബാദ്, നാഷനൽ റിമോട്ട് സെൻസിങ് സെന്റര്‍ (എന്‍.ആര്.എസ്.സി) ഹൈദരാബാദ്, നോർത്ത്-ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെന്റര്‍ (എന്‍.ഇ.എസ് എ.സി) ഷില്ലോങ് എന്നീ ഏഴ് കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുന്നത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥിയുടെ സെക്കന്‍ഡ് എ.സി ട്രെയിന്‍ നിരക്ക് അല്ലെങ്കില്‍ ബസ് നിരക്ക് /റെയില്‍വേ സ്റ്റേഷനില്‍നിന്നോ ബസ് സ്റ്റോപ്പില്നിന്നോ സെന്ററുകളിലേക്കും തിരിച്ചുമുള്ള യാത്ര ചെലവുകള്‍ എന്നിവ ഐ.എസ്.ആർ.ഒ വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.