ഐ.എസ്.ആർ.ഒ റോക്കറ്റ് എൻജിൻ നിർമാണം ഇനി ഒരു കുടക്കീഴിൽ
text_fieldsബംഗളൂരു: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷന് (ഐ.എസ്.ആർ.ഒ) വേണ്ടിയുള്ള റോക്കറ്റ് എൻജിൻ നിർമാണം ഇനി ബംഗളൂരുവിൽ ഒരു കുടക്കീഴിൽ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്‍റെ (എച്ച്.എ.എൽ) റോക്കറ്റ് എൻജിനുകളുടെ നിർമാണ കേന്ദ്രം രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. ഇന്‍റഗ്രേറ്റഡ് ക്രയോജനിക് എൻജിൻ മാനുഫാക്ചറിങ് ഫെസിലിറ്റി (ഐ.സി.എം.എഫ്) ആണ് പ്രവർത്തനം തുടങ്ങിയത്. ഇന്ത്യ നിർമിക്കുന്ന റോക്കറ്റുകളുടെ ക്രയോജനിക്-സെമി ക്രയോജനിക് എൻജിനുകൾ ഇനി ഈ കേന്ദ്രത്തിലാണ് നിർമിക്കുക. 4,500 സ്ക്വയർ മീറ്ററിലാണ് ഐ.സി.എം.എഫ് സജ്ജമാക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള 70 അനുബന്ധ ഉപകരണങ്ങളുമുണ്ട്.
2013ലാണ് എച്ച്.എ.എല്ലിൽ റോക്കറ്റ് എൻജിൻ ഭാഗങ്ങൾ നിർമിക്കുന്ന കേന്ദ്രം തുടങ്ങാൻ ഐ.എസ്.ആർ.ഒയുമായി കരാർ ഉണ്ടാക്കിയത്. 2016ൽ കരാറിൽ ഭേദഗതി വരുത്തി റോക്കറ്റ് എൻജിൻ പൂർണമായി നിർമിക്കുന്ന ഐ.സി.എം.എഫ് സ്ഥാപിക്കാൻ തീരുമാനമായി. 208 കോടി രൂപയാണ് ചെലവ്. റോക്കറ്റ് എൻജിൻ നിർമാണത്തിനുള്ള വൻകിട ഉപകരണങ്ങളുടെ കമീഷനിങ് നേരത്തേ പൂർത്തിയായിട്ടുണ്ട്. മാർച്ച് 2023ഓടെ ഇവിടെ നിന്ന് റോക്കറ്റ് എൻജിനുകൾ പുറത്തിറക്കും. സമീപഭാവിയിൽ തന്നെ ബഹിരാകാശ യാത്രയും പരീക്ഷണവുമൊക്കെ പൂർണമായും ക്രയോജനിക് സാങ്കേതികവിദ്യയെ ആശ്രയിച്ചായിരിക്കുമെന്നും എച്ച്.എ.എൽ അറിയിച്ചു.
റോക്കറ്റുകളിൽ ക്രയോജനിക് എൻജിനുകളാണ് ലോകത്ത് കൂടുതലായി ഉപയോഗിക്കുന്നത്. നിലവിൽ യു.എസ്.എ, ഫ്രാൻസ്, ജപ്പാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കു മാത്രമാണ് ക്രയോജനിക് എൻജിൻ സാങ്കേതികവിദ്യയിൽ അത്യാധുനിക സൗകര്യമുള്ളൂ. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി), ജി.എസ്.എൽ.വി എം.കെ. ടു, ജി.എസ്.എൽ.വി എം.കെ. ത്രി എന്നിവ വഹിക്കുന്ന വാഹനഭാഗങ്ങളുടെ നിർമാണം, പ്രൊപലന്‍റ് ടാങ്കുകളുടെ നിർമാണം എന്നിവ നേരത്തേ എച്ച്.എ.എല്ലിെന്റ എയ്റോ സ്പേസ് ഡിവിഷനിൽ നടത്തിയിട്ടുണ്ട്. 2014 ജനുവരിയിൽ ഇന്ത്യ, ക്രയോജനിക് എൻജിൻ അടങ്ങിയ ജി.എസ്.എൽ.വി-ഡി. അഞ്ച് വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതോടെ ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്വകാര്യ സ്ഥാപനങ്ങൾ വഴിയായിരുന്നു ഇതിനുള്ള എൻജിനുകൾ ഐ.എസ്.ആർ.ഒ ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.