ഓഷ്യൻസാറ്റുമായി പി.എസ്.എൽ.വി സി-54ന്റെ വിജയക്കുതിപ്പ്
text_fieldsസമുദ്ര നിരീക്ഷണം ലക്ഷ്യമാക്കിയുള്ള ഓഷ്യൻസാറ്റ് സീരീസിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഓഷ്യൻസാറ്റ്- മൂന്ന് (ഇ.ഒ.എസ് -ആറ്).
ബംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ്- മൂന്ന് (ഇ.ഒ.എസ്-ആറ്) അടക്കം ഒമ്പതു ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി- 54ന്റെ വിജയക്കുതിപ്പ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ജവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ശനിയാഴ്ച രാവിലെ 11.56ന് ബഹിരാകാശത്തേക്ക് കുതിച്ച പേടകം 11.17 മിനിറ്റ് പിന്നിട്ടതോടെ 742 കിലോമീറ്റർ ഉയരെ ഓഷ്യൻസാറ്റ് -മൂന്നിനെ ഒന്നാം ഭ്രമണപഥത്തിൽ എത്തിച്ചു.
ഉപഗ്രഹം പ്രവർത്തനക്ഷമമായതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. പി.എസ്.എൽ.വി സി- 54 ലെ പ്രൊപൽഷൻ ബേ റിങ്ങിലെ ഒ.സി.ടി സംവിധാനം ഉപയോഗിച്ച് റോക്കറ്റിന്റെ സഞ്ചാരപഥം താഴ്ത്തി പിന്നീട് ഒരു മണിക്കൂറിനുള്ളിൽ മറ്റു എട്ട് നാനോ ഉപഗ്രഹങ്ങളും അതത് ഭ്രമണപഥങ്ങളിലെത്തിച്ചു.
സമുദ്ര നിരീക്ഷണം ലക്ഷ്യമാക്കിയുള്ള ഓഷ്യൻസാറ്റ് സീരീസിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഓഷ്യൻസാറ്റ്- മൂന്ന് (ഇ.ഒ.എസ് -ആറ്).
മെച്ചപ്പെട്ട പേ ലോഡ് സംവിധാനവും ആപ്ലിക്കേഷനും ഉൾക്കൊള്ളുന്ന ഈ ഉപഗ്രഹം ഓഷ്യൻ സാറ്റ് -രണ്ടിന്റെ പ്രവർത്തനത്തിന് തുടർച്ച ഉറപ്പുവരുത്തും. ഓഷ്യൻസാറ്റ് -മൂന്നിനു പുറമെ, ഭൂട്ടാനിൽനിന്നുള്ള ആദ്യ സമ്പൂർണ ഉപഗ്രഹമായ ഭൂട്ടാൻസാറ്റ്, ധ്രുവ സ്‍പേസിന്റെ തൈബോൾട്ട് എന്ന രണ്ട് ഉപഗ്രഹങ്ങൾ, സ്‍പേസ് ഫ്ലൈറ്റ് യു.എസ്.എയുടെ അസ്ട്രോകാസ്റ്റ് എന്ന പേരിലുള്ള നാല് ഉപഗ്രഹങ്ങൾ, പിക്സലിന്റെ ആനന്ദ് എന്നിവയാണുള്ളത്. പി.എസ്.എൽ.വിയുടെ 56ാമതും പി.എസ്.എൽ.വിയുടെ പരിഷ്കരിച്ച പതിപ്പായ എക്സലിന്റെ 24ാമത്തെയും വിക്ഷേപണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.