സംഘർഷത്തിന് വഴിയൊരുക്കിയത് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശന പ്രഖ്യാപനം
text_fieldsബംഗളൂരു: സംഘർഷത്തിന് വഴിയെരുക്കിയത് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശന പ്രഖ്യാപനം. ഇരുസംസ്ഥാനങ്ങളും തമ്മിൽ ബെളഗാവി ജില്ലയുമായി ബന്ധപ്പെട്ട അതിർത്തിപ്രശ്നം നിലനിൽക്കുന്നതിനിടെ കഴിഞ്ഞദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് പ്രശ്നത്തിലെ നിയമനടപടികൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തെ മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ, ശംഭുരാജ് ദേശായി എന്നിവരെ ചുമതലപ്പെടുത്തിയത്. ബെളഗാവിയിലെ ജനങ്ങളോട് സംവദിക്കാനാണ് മന്ത്രിമാർ സന്ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
ഡിസംബർ മൂന്നിന് സന്ദർശനം നടത്തുമെന്നായിരുന്നു ആദ്യം മന്ത്രിമാർ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് അത് ഡിസംബർ ആറിലേക്ക് മാറ്റി. ഈ സന്ദർശനമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
മന്ത്രിമാരുടെ സന്ദർശനം റദ്ദാക്കിയെങ്കിലും പിന്നീടൊരുദിവസം സന്ദർശനം നടത്തുമെന്ന് മഹാരാഷ്ട്ര ഏകീകരൺ സമിതി (എം.ഇ.എസ്) നേതാവ് സരിത പാട്ടീൽ പറഞ്ഞു. മഹാപരിനിർവൻ ദിവസുമായി ബന്ധപ്പെട്ടാണ് നിലവിൽ യാത്ര റദ്ദാക്കിയതെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൽനിന്ന് അറിഞ്ഞത്.
ഡിസംബർ 19ന് സന്ദർശനം നടത്തണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സരിത പാട്ടീൽ പറഞ്ഞു.
നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോട് ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ബെളഗാവി അതിർത്തിയോട് ചേർന്ന ഹുക്കേരി താലൂക്കിലും ചിക്കോടിയിലും കർണാടക പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതുമുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തിത്തർക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.